പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാം പടിക്ക് മുകളിലെ ഗ്ലാസ് മേൽക്കൂര നിർമ്മാണത്തിനെതിരെ വിമർശനവുമായി ഹിന്ദു ഐക്യവേദി. ദേവഹിതം അറിയാതെ നടക്കുന്ന ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ ആചാര ലംഘനമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല പറഞ്ഞു. മേൽക്കൂരയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ നിർത്തിവെയ്‌ക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പമ്പയിൽ നിന്നും ഭക്തരെ ബസിൽ കുത്തി നിറച്ചുക്കൊണ്ട് പോകുന്നത് അവസാനിപ്പിക്കണം. ബസിൽ സീറ്റിംഗ് കപ്പാസിറ്റിയ്‌ക്ക് അനുസരിച്ച് മാത്രം ആളെ കയറ്റണം. ദേവസ്വം ബോർഡിന്റെ സ്ഥലം വിട്ടുകൊടുത്ത് പമ്പയിൽ പാർക്കിംഗ് അനുവദിക്കണമെന്നും കെപി ശശികല പറഞ്ഞു.
പതിനെട്ടാം പടിക്ക് മുകളിലെ മേൽക്കൂര നിർമ്മാണത്തിനെതിരെ വിമർശനവുമായി നേരത്തെയും ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരുന്നു. ഗ്ലാസ് മേൽക്കുര നിർമ്മാണം അശാസ്ത്രീയവും ക്ഷേത്രത്തിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്തുന്നതുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇഎസ് ബിജു ചൂണ്ടിക്കാണിച്ചു. ക്ഷേത്രത്തിലെ ഏതൊരു നിർമ്മാണ പ്രവർത്തനങ്ങളും ഭേദഗതികളും ദേവഹിതം അനുസരിച്ചാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.