പത്തനംതിട്ട: സന്നിധാനത്ത് ദര്‍ശനം നടത്തി പ്രശസ്ത ഡ്രം വിദഗ്ധൻ ശിവമണി. ഇന്ന് ഏഴു മണിക്കാണ് അദ്ദേഹം മകൾ മിലാനയോടൊപ്പം ശബരിമലയിൽ എത്തിയത്. ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടിയാണ് ശിവമണിയും സംഘവും അയ്യപ്പ ദര്‍ശനം നടത്തിയത്. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരേയും, ശബരിമല മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയേയും കണ്ടതിനു ശേഷമാണ് അദ്ദേഹം മലയിറങ്ങിയത്.
മേൽശാന്തി ശിവമണി, ഗായകൻ സുധീപ് കുമാർ, കീബോർഡ് പ്ലയറും ഈ വർഷത്തെ സംഗീത നാടക അക്കാദമി ജേതാവുമായ പ്രകാശ് ഉള്ളിയേരിയേയും പൊന്നാടയണിയിച്ചാദരിച്ചു. പിറന്നാൾ ദിനത്തിൽ അയ്യപ്പനെ കാണാൻ കഴിഞ്ഞത് ഏറെ ഭാഗ്യമെന്നും തന്റെ ഉയർച്ചയ്ക്കു കാരണം അയ്യപ്പനാണെന്നും ഇനിയും താൻ അയ്യനെ കാണാൻ തിരുനടയിലെത്തുമെന്നും ദർശനം നടത്തിയതിന് ശേഷം ശിവമണി മാദ്ധ്യമങ്ങളോട് പറഞ്ഞു.