ന്യൂഡൽഹി: ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകയസ്തയുടെയും എച്ച്ആർ മേധാവി അമിത് ചക്രവർത്തിയുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഡൽഹി ഹൈക്കോടതിയാണ് ഇരുവരുടെയും ജൂഡീഷ്യൽ കസ്റ്റഡി 21 ദിവസം കൂടി നീട്ടിയതായി അറിയിച്ചത്. ഒക്ടോബർ മൂന്നിന് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്ത ഇരുവരെയും കോടതി കസ്റ്റഡിയിൽ വിടുകയായിരുന്നു. ന്യൂസ് ക്ലിക്ക് പോർട്ടൽ ഇന്ത്യാ വിരുദ്ധ പ്രചരണത്തിനായി ചൈനീസ് സഹായം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്.
കശ്മീരും അരുണാചൽ പ്രദേശും ഇന്ത്യയുടേതല്ല, തർക്ക പ്രദേശങ്ങളാണെന്ന വ്യാഖ്യാനം നടത്തി. അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗത്തിന്റെ പക്കൽ നിന്ന് രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ന്യൂസ് ക്ലിക്ക് പണം സ്വീകരിച്ചു. കർഷക സമരത്തിനിടയിൽ അവശ്യ സാധന-സേവന ലഭ്യത തടസ്സപ്പെടുത്താൻ ശ്രമിച്ചു. കൊറോണയുടെ വ്യാപനം തടയാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളെ മോശമാക്കി പ്രചരിപ്പിച്ചുവെന്നും പോലീസിന്റെ എഫ്‌ഐആറിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഒക്ടോബർ 3 ന് ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ വീടുകളിൽ അടക്കം 50ലധികം കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുർകയസ്തയെയും ചക്രവർത്തിയെയും അറസ്റ്റ് ചെയ്തത്. റെയ്ഡിൽ ലാപ്പ്‌ടോപ്പുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ രാജ്യതലസ്ഥാനത്തെ ന്യൂസ് ക്ലിക്കിന്റെ ഓഫീസും ഡൽഹി പോലീസിന്റെ പ്രത്യേക സെൽ സീൽ ചെയ്തിരുന്നു.