കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ പുലർച്ചെ വരെ ചോദ്യം ചെയ്തു. പുലർച്ചെ മൂന്ന് മണിവരെ ചോദ്യം ചെയ്യൽ നീണ്ടു. പ്രതി പത്മകുമാറിന്റെയും കുടംബത്തിന്റെയും മൊഴികളിൽ വൈരുധ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
നാടിനെ നടുക്കിയ സംഭവത്തിൽ നാല് ദിവസങ്ങൾക്ക് ശേഷം ഇന്നലെയാണ് പ്രതികളെ പോലീസ് പിടികൂടുന്നത്. ചാത്തന്നൂർ സ്വദേശിയായ പത്മകുമാറും കുടുംബവുമാണ് പിടിയിലായത്. കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യം കൊണ്ടാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രതി ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഭാര്യയെയും മകളെയും ചോദ്യം ചെയ്തതോടെ പത്മകുമാർ പറഞ്ഞതെല്ലാം കള്ളമാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.
ഇവര്‍ നൽകിയ മൊഴിയിൽ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും. സാമ്പത്തിക ബാധ്യത തീർക്കാനുള്ള ബ്ലാക് മെയിലിംഗ്, പെൺകുട്ടിയുടെ അച്ഛനുമായുള്ള ബന്ധം എന്നിവയിൽ വ്യക്തത വരുത്തും. പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇയാളുടെ ഭാര്യക്കും മകൾക്കും തട്ടിക്കൊണ്ടുപോകലിൽ പങ്കുണ്ടോ എന്നതിലും ഇന്ന് സ്ഥിരീകരണമുണ്ടാകും. കസ്റ്റഡിയിലുള്ളവരെ നേരിട്ട് കാണിച്ച് കുട്ടിയുടെ മൊഴിയെടുക്കും. പത്മകുമാറിന്റെ കൂട്ടാളികളെക്കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്.















