പത്തനംതിട്ട: സന്നിധാനത്ത് വൻ ഭക്തജന തിരക്ക്. വെള്ളം പോലും കിട്ടാതെ ഭക്തർ വലയുന്നതായി പരാതി. മരക്കൂട്ടത്ത് റൺവേ തെറ്റിച്ച് തീർത്ഥാടകർ ചന്ദ്രാനന്ദൻ റോഡിലിറങ്ങി. മഴ മൂലം ഇന്നലെ മലകയറ്റം സാവധാനത്തിലായത് ഇന്ന് തിരക്ക് കൂടാൻ കാരണമായി.
14 മണിക്കൂറോളമായി വരി നിൽക്കുകയാണ് പല ഭക്തരും. ശരംകുത്തിയിലടക്കം വെള്ളം പോലും കിട്ടാതെയാണ് ഭക്തർ കാത്തുനിൽക്കുന്നത്. ഇന്ന് 80,000 ആയിരുന്നു ബുക്കിംഗ്. സ്പോട്ട് ബുക്കിംഗ് കൂടി ആയതോടെ തിരക്ക് വർദ്ധിച്ചു. ഇന്നലെ എട്ട് മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നിരുന്നു.
തിരക്ക് കണക്കിലെടുത്ത് ശയന പ്രദക്ഷിണം നടത്തുന്നതിനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി നടയടച്ച ശേഷം മാത്രമാകും ഇനി മുതല്‍ ശയനപ്രദക്ഷിണം. ദിവസവും രാത്രി 11-ന് ഹരിവരാസനം ചൊല്ലി നടയടച്ച ശേഷം തിരുമുറ്റം കഴുകി വൃത്തിയാക്കും. അതിനുശേഷം ഭക്തര്‍ക്ക് ശയനപ്രദക്ഷിണം നടത്താം.
സഹസ്രകലശ വഴിപാടും ഒഴിവാക്കി. കളഭാഭിഷേകം, പുഷ്പാഭിഷേകം,അഷ്ടാഭിഷേകം എന്നീ ചടങ്ങുകള്‍ മാത്രമേ മകരവിളക്ക് കഴിയും വരെ ഉണ്ടാകൂ. സഹസ്ര കലശത്തിന് രണ്ട് ദിവസമായിട്ടാണ് പൂജ. രണ്ടാം ദിവസം ഉച്ചയ്‌ക്കാണ് അഭിഷേകം. കലശം പൂജാ സ്ഥലത്തുനിന്ന് ശ്രീകോവി ലിലേക്ക് കൊണ്ടുപോകുന്നത് മുറിച്ച് കടക്കാൻ പാടില്ല. ഇതിനാലാണ് ഒഴിവാക്കിയത്.