മനസും ശരീരവും പരിശുദ്ധമാക്കി ഹരിഹരസുതന്റെ അനുഗ്രഹാശിസുകൾ തേടിയാണ് ഓരോ ഭക്തനും അയ്യപ്പ സന്നിധിയിലേക്ക് എത്തുന്നത്. വ്രതമെടുത്ത് മാലയിട്ട്, മല ചവിട്ടാൻ ഒരുങ്ങുമ്പോൾ തന്നെ ഓരോ ഭക്തനും അയ്യപ്പസ്വാമിയായി മാറിക്കഴിഞ്ഞു. മലയാത്രയ്‌ക്കായി പുറപ്പെടുമ്പോൾ, കെട്ടുനിറയ്‌ക്കുമ്പോൾ ഏറെ പ്രധാന്യമർഹിക്കുന്ന ചടങ്ങാണ് നെയ് തേങ്ങ നിറയ്‌ക്കുന്നത്.
ഭക്തിയോടെയും ശുദ്ധിയോടെയുമാണ് ഭഗവാന് അഭിഷേകം ചെയ്യാനുള്ള നെയ് തേങ്ങ നിറയ്‌ക്കുന്നത്. സാധാരണയായി അഭിഷേക സാധനങ്ങൾ ഇരുമുടിയുടെ മുൻകെട്ടിലാണ് ഇടാറുള്ളത്. മുന്നിലും പിന്നിലും ഭാരം ക്രമീകരിക്കാനായി രണ്ട് ഭാഗത്തും നെയ് തേങ്ങ നിറയ്‌ക്കുന്നു. എന്നാൽ 108 നെയ് തേങ്ങകൾ നിറച്ച ഇരുമുടി കെട്ടുമായി മല കയറി പതിനെട്ടാം പടി ചവിട്ടി അയ്യനെ കാണാനെത്തിയിരിക്കുകയാണ് കോട്ടയം നീണ്ടൂർ സ്വദേശി. അർബുദം ബാധിച്ച സോമൻ ആചാരിയാണ് രോഗശമനത്തിനായി അയ്യപ്പസ്വാമിയെ പ്രാർത്ഥിച്ച് സന്നിധാനത്ത് 108 നെയ് തേങ്ങയുമായി എത്തിയത്.
ഭാരമേറിയ ഇരുമുടിക്കെട്ട് ശിരസിലേറ്റിയാണ് സേമാൻ ആചാരി മല കയറിയത്. കെട്ട് താഴെ വീഴാതെ എത്തിക്കാനായി സഹായികളും അനുഗമിച്ചു. പതിനെട്ടാം പടി കയറി ദർശനത്തിന് ശേഷം തിരുമുറ്റത്തിരുന്ന് തേങ്ങ പൊട്ടിച്ചൊഴിച്ചാണ് സോമൻ ആചാരിയും സംഘവും മലയിറങ്ങിയത്. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതിനാൽ കഴിഞ്ഞ വർഷം സോമൻ ആചാരിക്ക് മല കയറാൻ കഴിഞ്ഞിരുന്നില്ല.
അയ്യപ്പനെ ദർശിക്കുന്ന സമയത്ത് ശരീരമാകുന്ന തേങ്ങ ഉടച്ച് ആത്മാവാകുന്ന നെയ്യ് ഭഗവാന് അഭിഷേകം ചെയ്യുന്നു. ഉടച്ച തേങ്ങ ആഴിയിൽ കത്തിക്കുന്നു. പുണ്യം അയ്യപ്പനിൽ വിലയം പ്രാപിക്കുകയും പാപമാകുന്ന ശരീരം അഗ്നിയിൽ ലയിക്കുകയും ചെയ്ത് മോക്ഷപ്രാപ്തി ലഭിക്കുന്നു. കൊണ്ടുപോകുന്ന നാളികേരം അഗ്നിയിൽ ഹോമിക്കണം. അഭിഷേകം ചെയ്ത നെയ്യ് വീട്ടിൽ കൊണ്ടുവന്ന് പ്രസാദമായി മറ്റുള്ളവർക്ക് കൊടുക്കണം. ഉണ്ണിയപ്പം, മലർ, അവൽ തുടങ്ങിയവയ്‌ക്കൊപ്പം ഇത് പ്രസാദമാക്കും.