ഒരു കാലത്ത് ഭൂമി അടക്കി വാണിരുന്നവയാണ് ദിനോസറുകൾ. വളരെ പെട്ടാന്നാണ് അവ ഭൂമിയിൽ നിന്ന് മൺമറഞ്ഞത്. ഇനി അവയൊരിക്കലും തിരിച്ച് വരില്ലെന്ന വിശ്വാസത്തിലാണ് നാം. എന്നാൽ രസകരമായ പുതിയൊരു വാദമാണ് പുറത്തുവരുന്നത്. ദിനോസറുകളോ അവയോട് സാമ്യമുള്ള സ്പീഷീസിലെ മൃഗങ്ങളോ ഭൂമിയിൽ നിന്ന് അകലെയുള്ള ഗ്രഹങ്ങളിൽ ഉണ്ടാകാമെന്ന പഠനമാണ് ശാസ്ത്രലോകം മുന്നോട്ട് വെക്കുന്നത്. റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റി ജേർണലിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആറര കോടി വർഷങ്ങൾക്ക് മുൻപ് ദിനോസറുകൾ വിഹരിച്ചിരുന്ന കാലത്ത് ഭൂമിയിൽ ഓക്സജിന്റെ അളവ് ഇന്നത്തെ അപേക്ഷിച്ച് 30 ശതമാനം ആയിരുന്നു. ഇന്ന് ഓക്സജിന്റെ അളവ് കേവലം 21 ശതമാനം മാത്രമാണ്. ഉയർന്ന തോതിലുള്ള ഓക്സിജനാണ് ദിനോസറുകളുടെ ജീവൻ നിലനിർത്തിയത്. അതുകൊണ്ട് തന്നെ ഓക്സജിന്റെ അളവ് കൂടുതലുള്ള ഗ്രഹത്തിൽ ദിനോസറുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അല്ലെങ്കിൽ ഉയർന്ന അളവിൽ ഓക്സിജൻ പുറത്തുവിടുന്ന സസ്യങ്ങൾ മറ്റ് ഏതെങ്കിലും ഗ്രഹത്തിലുണ്ടോയെന്ന് പരിശോധിക്കുന്നതും ഇവയുടെ സാന്നിധ്യം തിരിച്ചറിയാൻ സഹായിക്കും. ഓക്സിജൻ അടങ്ങിയ രാസ സംയുക്തങ്ങൾ കൂടുതലുള്ള ഗ്രഹങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ടായേക്കാം.
ഭൂമിയിലിരുന്ന് തന്നെ ഇവയുടെ സാന്നിധ്യമുണ്ടോയെന്ന് മനസിലാക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അത്യാധുനിക ടെലിസ്‌കോപ്പുകൾ സജ്ജമാക്കി ഇത് നിരീക്ഷിക്കാവുന്നതാണ്. ഒരു ഗ്രഹം ഫനീറോസോയിക് ഘട്ടത്തിലാണോ എന്ന് പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. ഫനീറോസോയിക് ഘട്ടത്തിലാണെങ്കിൽ അതിൽ വലുപ്പമേറിയതും സങ്കീർണവുമായ ജീവിവർഗങ്ങൾ ഉടലെടുക്കും. ഇവിടങ്ങളിൽ ദിനോസറുകൾ ഉണ്ടാകാനിടയുണ്ട്.
ചൊവ്വയുടെയും വ്യാഴഗ്രഹത്തിന്റെയും ഇടയ്‌ക്കുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹ മേഖലയുടെ പുറം അതിർത്തിയിൽ നിന്നെത്തിയ ഛിന്നഗ്രഹം ഭൂമിയിൽ ഇടിച്ചാണ് ഇവ അപ്രത്യക്ഷമായതെന്നാണ് ഏറ്റവുമൊടുവിലായി പുറത്തുവന്ന പഠനം പറയുന്നത്. 15 വർഷത്തോളം ഈ പൊടി ഭൂമിയെ മൂടിയിരുന്നുവെന്ന് പഠനത്തിൽ പറയുന്നു. സസ്യങ്ങൾ ഭക്ഷണവും ഓക്‌സിജനും ഉത്പാദിപ്പിക്കുന്ന പ്രകാശസംശ്ലേഷണ പ്രക്രിയ രണ്ട് വർഷത്തോളം നിലച്ചു. ഈ ശക്തിയേറിയ പൊടിയുടെ ഫലമായി ചുട്ടു പൊള്ളിയിരുന്ന ഭൂമിയുടെ താപനില 24 ഡിഗ്രിയായി കുറഞ്ഞുവെന്നാണ് കണ്ടെത്തൽ. നോർത്ത് ഡക്കോട്ടയിലെ ടാനിസ് പാലിയന്റോളജി സൈറ്റിലെ എക്കൽ പാളികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.