ഇസ്ലാമാബാദ് : തീവ്ര മതപ്രഭാഷകനും ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ അറിയപ്പെടുന്ന പിന്തുണക്കാരനുമായ മൗലാന ഷേർ ബഹാദൂറിനെ അജ്ഞാതർ വെടിവച്ച് കൊന്നു . പെഷവാറിലെ ഖൈബർ പഖ്തൂൺഖ്വയിൽ വച്ചാണ് അജ്ഞാതർ മൗലാനയെ കൊലപ്പെടുത്തിയത്.
മൗലാന ഷെർ ബഹാദൂറിന്റെ മൃതദേഹത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. കട്ടിലിൽ കിടക്കുന്ന രീതിയിലാണ് മൃതദേഹം . പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിയേറ്റത് തൽക്ഷണം മരണത്തിനിടയാക്കിയെന്നാണ് റിപ്പോർട്ട്.
അടുത്തിടെ ജയ്‌ഷെ മുഹമ്മദ് കമാൻഡർ യൂനുസ് ഖാനെ അജ്ഞാതർ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മൗലാന ഷെർ ബഹാദൂറിന്റെ മരണം. സംഘടനയിലേക്കുള്ള റിക്രൂട്ട്‌മെന്റിൽ യൂനുസ്ഖാൻ സജീവമായി ഇടപെട്ടിരുന്നു. മൗലാന മസൂദ് അസ്ഹറുമായി അടുത്ത ബന്ധമുള്ള മറ്റൊരു ജയ്ഷെ മുഹമ്മദ് ഭീകരൻ മൗലാന റഹീമുള്ള താരിഖ് നേരത്തെ കൊല്ലപ്പെട്ടിരുന്നു. മോസ്റ്റ് വാണ്ടഡ് ഇന്ത്യൻ ഭീകരരിൽ ഒരാളായിരുന്നു റഹീമുള്ള.















