തൃശൂർ: ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന പതിമൂന്നാമത് തൃശിവപേരൂർ ഹിന്ദു ധർമ്മ പരിഷത്തിന് സമാപനം. തൃശൂർ ശക്തൻ നഗറിൽ നടന്ന സമാപന സഭയിൽ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി.
ശബരിമല അയ്യപ്പ സേവാ സമാജം ട്രസ്റ്റി സ്വാമി അയ്യപ്പദാസ്, ചെറുശ്ശേരി വിവേകാനന്ദ മഠധിപതി സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, പ്രജ്ഞ പ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
നിരവധി ഭക്തജനങ്ങളാണ് മൂന്ന് ദിവസമായി നടന്നു വന്നിരുന്ന ഹിന്ദു ധർമ്മ പരിഷത്തിന്റെ ഭാഗമായത്. സനാധന ധർമ്മ പ്രചരണവും വിശ്വാസ സംരക്ഷണവും സാമൂഹ്യ ഏകീകരണവും ലക്ഷ്യമാക്കി വർഷങ്ങളായി നടന്നു വരുന്ന ഹിന്ദു ധർമ്മ പരിഷത്ത് ഇത്തവണയും വിപുലമായാണ് തൃശൂരിൽ നടന്നത്.
ഇന്നലെ വൈകീട്ട് വടക്കുനാഥ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച നെടുമ്പാൾ ശ്രീധർമ്മ ശാസ്താ അയ്യപ്പൻ പാട്ടുസംഘത്തിന്റെ നേതൃത്വത്തിലുള്ള അയ്യപ്പൻ വിളക്ക് എഴുന്നള്ളിപ്പിൽ നിരവധി ഭക്തജനങ്ങൾ അണിനിരന്നു. ഉടുക്ക് പാട്ടിന്റെയും ഗജവീരന്മാരുടെയും ഭജന സംഘത്തിന്റെയും അയ്യപ്പ വിഗ്രഹം വഹിച്ച തേരിന്റെയും അകമ്പടിയോടെ ഘോഷയാത്ര ശക്തൻ നഗറിൽ എത്തി സമാപിച്ചു. തുടർന്ന് കർപ്പൂരാഴി പ്രസാദ് ഊട്ട്, ശാസ്താം പാട്ട്, പാൽക്കിണ്ടി എഴുന്നള്ളിപ്പ് എന്നിവയും നടന്നു.















