കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്. കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം ഏറ്റെടുത്ത വിവരം കോടതിയിൽ റിപ്പോർട്ട് നൽകി. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ തുടർന്ന് ചോദ്യം ചെയ്യുന്നതിനായി നാളെ കോടതിയിൽ അപേക്ഷ നൽകും. പോലീസിന് നൽകിയ മൊഴിയും ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലെ മൊഴികളുമായി ഒത്തുനോക്കും. മൊഴികളിലെ അവ്യക്തത ഉണ്ടാകുമോ എന്നതടക്കം പരിശോധിക്കാനാണ് നീക്കം.
പൂയംപള്ളി പോലീസ് ആയിരുന്നു കേസ് അന്വേഷിച്ചുകൊണ്ടിരുന്നത്. ഇന്ന് ഉച്ചയോടെയാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിഐജി ഉത്തരവിറക്കിയത്. 13 അംഗ ക്രൈംബ്രാഞ്ച് സംഘമായിരിക്കും കേസ് അന്വേഷിക്കുന്നത്. പൂയംപള്ളി പോലീസ് പ്രതികളെ തുടർന്ന് ചോദ്യം ചെയ്യാനുള്ള അപേക്ഷ നൽകാനിരിക്കെ ആയിരുന്നു കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
കാറിലുണ്ടായിരുന്നത് ഒരു സ്ത്രീയും മൂന്ന് പുരുഷൻമാരും ആണെന്നായിരുന്നു കുട്ടിയുടെ സഹോദരന്റെ മൊഴി. ഇക്കാര്യത്തിലും അന്വേഷണമുണ്ടാകും. എന്നാൽ കുട്ടി തട്ടികൊണ്ട് പോകൽ ചെറുക്കുന്നതിന്റെ മാനസികാവസ്ഥയിൽ തോന്നിയതാകാം എന്നായിരുന്നു പോലീസ് പറഞ്ഞത്. ഇത്തരത്തിൽ പ്രതികളുടെ മൊഴിയിലെ അവ്യക്തത ഉൾപ്പെടെ മാറേണ്ട സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.















