ന്യൂഡൽഹി: മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി ആഭ്യന്തരമന്ത്രി അമിത് ഷാ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാംമി എന്നിവരുമായി അമിത് ഷാ ഫോണിൽ ബന്ധപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും കേന്ദ്രത്തിൽ നിന്നുള്ള സാധ്യമായ സഹായങ്ങളും ഉറപ്പ് നൽകിയതായി അദ്ദേഹം എക്സിൽ കുറിച്ചു. എൻഡിആർഎഫ് ടീമിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ അധിക ടീമുകൾ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.
ചുഴലിക്കാറ്റിനെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രത്തിന്റെ സഹായം തേടുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് രാവിലെ ചുഴലിക്കാറ്റ് ആന്ധ്ര തീരം തൊടുമെന്നാണ് പ്രവചനം. ഇതിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വെ.എസ് ജഗനുമായി സംസാരിച്ചു.
മഴക്കെടുതി രൂക്ഷമായ ചെന്നൈയിൽ ഇന്നും അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകൾക്കാണ് അവധി. 162 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. നോർക്ക് ഹെൽപ്പ് ഡെസ്ക് നമ്പറുകൾ:- 9176681818, 9444054222, 9790578608, 9840402784, 9444467522, 9790857779, 9444186238















