ലക്നൗ: ജനുവരി 22ന് അയോദ്ധ്യലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ആചാരപ്രകാരമുള്ള പൂജകൾ ജനുവരി 16 മുതൽ ആരംഭിക്കും. കാശിയിൽ നിന്നുള്ള പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിതാണ് പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കുന്നത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 121 ബ്രാഹ്മണർ പങ്കെടുക്കുന്ന ചടങ്ങുകളിൽ കാശിയിൽ നിന്നുള്ള 40 ഓളം പണ്ഡിതന്മാരും പങ്കെടുക്കും.
ജനുവരി 22നാണ് ശ്രീരാമ ഭഗവാന്റെ പ്രതിഷ്ഠാ കർമ്മം നടക്കുക. പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഭാരതം മുഴുവൻ ആകാംക്ഷയോടെ കാത്തിരക്കുന്ന ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
പ്രത്യേകം സജ്ജീകരിച്ച രണ്ട് മണ്ഡപങ്ങളിലായി ഒൻപത് ഹോമകുണ്ഡങ്ങളിലാണ് പ്രാണ പ്രതിഷ്ഠാ കർമ്മങ്ങൾ നടക്കുകയെന്ന് ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്ന കാശിയിലെ പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിതും മകൻ അരുൺ ദീക്ഷിതും പറഞ്ഞു. പ്രധാന ക്ഷേത്രത്തിന് മുന്നിൽ ഇതിനായി ഭൂമി നിശ്ചയിച്ചിട്ടുണ്ട്. ഈ ഭൂമിയിൽ 45 മുഴം വീതമുള്ള രണ്ട് മണ്ഡപങ്ങൾ നിർമിക്കുന്നത്. പ്രാഥമിക നിർമാണം ആരംഭിച്ചിട്ടുണ്ട്. പ്രവൃത്തി ജനുവരി 10നകം പൂർത്തിയാക്കുമെന്നും ഇരുവരും പറഞ്ഞു.
ഗണേശപൂജയും രാമപൂജയും ഉൾപ്പെടെ എല്ലാ പൂജകളും ഒരു മണ്ഡപത്തിലാണ് നടക്കുകയെന്ന് പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിത് പറഞ്ഞു. രണ്ടാമത്തെ ചെറിയ മണ്ഡപത്തിൽ, ശ്രീരാമ വിഗ്രഹത്തിന്റെ എല്ലാ ചടങ്ങുകളും നടത്തും. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും എല്ലാ ശാഖകളിലെയും പണ്ഡിതന്മാർ അവിടെ എത്തുമെന്നും പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിത് കൂട്ടിച്ചേർത്തു.















