കൊൽക്കത്ത: കാമുകനെ വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തിയ പാകിസ്താൻ യുവതിയെക്കുറിച്ചുള്ള വാർത്ത ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിവാഹത്തിനായി യുവതി ഇന്ത്യയിലെത്തിയത്. അട്ടാരി-വാഗ ബോർഡർ വഴി ഇന്ത്യയിലെത്തിയ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള ജാവരിയ ഖനൂം എന്ന യുവതിയും പിതാവുമായിരുന്നു അതിർത്തിയിൽ എത്തിയത്. ഇരുവരെയും ക്ഷണിക്കാൻ കാമുകൻ സമീര്‍ ഖാനും പിതാവ് അഹമ്മദ് കമല്‍ ഖാനും എത്തിയിരുന്നു. അമൃത്സറിൽ നിന്നും കൊൽക്കത്തയിലേക്ക് വിമാനത്തിലാണ് ഇരുവരും പോയത്.
വൈകുന്നേരത്തോടെയാണ് ഇരുവരും കൊൽക്കത്തയിൽ എത്തിയത്. തുടർന്ന് മാദ്ധ്യമങ്ങളുമായി സംസാരിക്കുന്ന വേളയിൽ തങ്ങളുടെ അഞ്ചു വർഷത്തെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി. 2018 മെയ് മാസത്തിലായിരുന്നു ഇരുവരും പ്രണയത്തിലായത്. ജർമ്മനിയിൽ പഠിച്ചുകൊണ്ടിരുന്ന സമീര്‍ ഖാൻ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അമ്മയുടെ ഫോണിൽ ജാവരിയയുടെ ചിത്രം ആദ്യമായി കണ്ടത്. ഫോട്ടോ കണ്ടപ്പോൾ തന്നെ ഇഷ്ടം തോന്നുകയും അമ്മയോട് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് കുടുംബങ്ങൾ തമ്മിൽ സംസാരിച്ചായിരുന്നു വിവാഹം എന്ന ചിന്തയിൽ എത്തിയതെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു. വിവാഹത്തിന് തന്റെയൊപ്പം പഠിച്ച ആഫ്രിക്ക, സ്പെയിൻ,യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും എത്തുമെന്ന് സമീര്‍ ഖാൻ കൂട്ടിച്ചേർത്തു.
ഇരുവരുടെയും വിവാഹനിശ്ചയം മുമ്പ് കഴിഞ്ഞിരുന്നു. അടുത്ത വര്‍ഷം ജനുവരിയിലാകും വിവാഹമെന്നും അഞ്ച് വർഷത്തിന് ശേഷം വിസ ലഭിച്ചുവെന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു. മാദ്ധ്യമപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ മഖ്ബൂൽ അഹമ്മദ് വാസി ഖാദിയാനാണ് ജാവേരിയ്‌ക്ക് ഇന്ത്യയിലേക്ക് വരാനുള്ള സഹായങ്ങൾ ചെയ്തതെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.