ന്യൂഡൽഹി: 2018നെ അപേക്ഷിച്ച് 2022ൽ കമ്യൂണിസ്റ്റ് ഭീകരരുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ 36 ശതമാനം കുറവുണ്ടായതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇത്തരം ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടേയും സാധാരണക്കാരുടേയും എണ്ണത്തിൽ 59 ശതമാനം കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ 22 ശതമാനം കുറവും, മരണസംഖ്യയിൽ 60 ശതമാനത്തിന്റെ കുറവും ആണ് ഉണ്ടായത്. 2010ൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഏറ്റവും ഉയർന്ന നിലയിലാണ് രേഖപ്പെടുത്തിയിരുന്നത്. അന്നത്തേതിനെ അപേക്ഷിച്ച് 2022ൽ 76 ശതമാനം കുറവാണ് ഉണ്ടായത്. തത്ഫലമായി കമ്യൂണിസ്റ്റ് ഭീകരരാൽ കൊല്ലപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടേയും സാധാരണക്കാരുടേയും എണ്ണത്തിൽ 90 ശതമാനം കുറവാണ് വന്നത്. 2010ൽ ഇത് 1005 ആയിരുന്നെങ്കിൽ 2022 ആയപ്പൊഴേക്കും ഇത് 98 ആയി കുറഞ്ഞു.
അക്രമം റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകൾ 2020ൽ 96 ആയിരുന്നു. 2022ൽ ഇത് 45 ആയി. കമ്യൂണിസ്റ്റ് ഭീകരർ കേന്ദ്രങ്ങളാക്കിയിരുന്ന ഇടങ്ങളിൽ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രസർക്കാർ കൃത്യമായ സഹായങ്ങൾ കൈമാറി. സുരക്ഷയുമായി ബന്ധപ്പെട്ട് കർശന നടപടികൾ സ്വീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ, ആയുധങ്ങൾ, രഹസ്യാന്വേഷണ വിഭാഗങ്ങൾ എന്നിവ ഏകോപിപ്പിക്കാനായി. വികസനത്തിന്റെ ഭാഗമായി റോഡുകൾ, മൊബൈൽ ടവറുകൾ, ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, ആശുപത്രികള്‍, സ്‌കൂളുകൾ, പോലീസ് സ്‌റ്റേഷനുകൾ തുടങ്ങിയവ ഈ മേഖലകളിൽ കൂടുതലായി സ്ഥാപിക്കാൻ കേന്ദ്രസർക്കാർ ശ്രദ്ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.