കോട്ടയം: ജോലി വാഗ്ദാനം ചെയ്ത് യൂത്ത് കോൺഗ്രസ് നേതാവ് പണം തട്ടിയ കേസിൽ കൂടുതൽ പേർക്ക് പണം നഷ്ടപ്പെട്ടതായി പരാതി. യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കലിനെതിരെ അഞ്ച് പേർ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ഒരാളിൽ നിന്ന് 50,000 രൂപ മുതൽ 1,60,000 രൂപ വരെ തട്ടിയെടുത്തായി പോലീസ് പറഞ്ഞു. സംഭവത്തിൽ മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിന് കൂടി പങ്കുള്ളതായി സംശയമുണ്ട്.
ആലപ്പുഴ സ്വദേശിനിക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഇന്നലെയാണ് പത്തനംതിട്ട യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനു തൊട്ടുപിന്നാലെയാണ് അഞ്ച് പേർ കൂടി സമാനമായ രീതിയിൽ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പോലീസിൽ പരാതിപ്പെടുന്നത്. പണം നഷ്ടപ്പെട്ടവരിൽ നിന്നും 3 ലക്ഷം രൂപയാണ് ആദ്യം ഇയാൾ ആവശ്യപ്പെട്ടതെന്നും മുൻകൂർ പണമായി 50,000 രൂപ മുതൽ വാങ്ങിയെടുക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഇവർക്കും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് ജോലിയാണ് വാഗ്ദാനം ചെയ്തത്. എന്നാൽ കോട്ടയം മെഡിക്കൽ കോളേജിൽ റിസപ്ഷനിസ്റ്റ് എന്ന പോസ്റ്റ് തന്നെ ഇല്ലായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ സെഷൻ ഓഫീസർ എന്ന വ്യാജേന യൂത്ത് കോൺഗ്രസ് നേതാവ് തന്നെയാണ് കത്ത് ഒപ്പിട്ട് നൽകിയത്. സംഭവത്തിൽ മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിനും പങ്കുള്ളതായി സംശയമുണ്ടെന്നും ഇയാളെ കൂടുതലായി ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.















