ഇടുക്കി: വധശ്രമക്കേസ് ഒതുക്കാൻ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഇടുക്കിയിലെ ഉപ്പുതറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കെഎം നസീറിനെയാണ് സസ്‌പെൻഡ് ചെയ്തത്. എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടേതാണ് നടപടി. പ്രതിയുടെ ബന്ധുക്കളിൽ നിന്നും 10,000 രൂപയാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയത്. എസ്‌ഐയുടെ താമസ സ്ഥലത്തെത്തിയാണ് പ്രതിയുടെ ബന്ധുക്കൾ പണം കൈമാറിയത്.
മദ്യപാനത്തെ തുടർന്ന് പ്രതിയും സുഹൃത്തുക്കളും തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു. തുടർന്ന് രണ്ട് പേർക്ക് വെട്ടേൽക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഇതിന് പിന്നാലെയാണ് പ്രതിയുടെ ബന്ധുക്കൾ സ്റ്റേഷനിലെത്തി എസ്‌ഐയെ സമീപിച്ചത്. തുടർന്ന് പണം താമസസ്ഥലത്ത് എത്തിക്കാൻ എസ്‌ഐ പ്രതിയുടെ ബന്ധുക്കളോട് പറയുകയായിരുന്നു.
കൈക്കൂലി നൽകിയ വിവരം പ്രതിയുടെ ബന്ധുക്കൾ തന്നെയാണ് പുറത്തറിയിച്ചത്. വിവരം പുറത്തായതോടെ രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് എസ്‌ഐ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയത്. ഇതോടെയാണ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്തുള്ള ഉത്തരവിറങ്ങിയത്.