തിരുവനന്തപുരം: യുവഡോക്ടർ ഷഹാനയുടെ ആത്മഹത്യയിൽ സുഹൃത്ത് ഡോ. റുവൈസ് പോലീസ് കസ്റ്റഡിയിൽ. കരുനാഗപ്പള്ളിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
നേരത്തെ റുവൈസിനായി ഹോസ്റ്റലിലും ബന്ധു വീടുകളിലും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെയാണ് ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരം കേസെടുത്ത് പ്രതി ചേർത്തത്.
റുവൈസുമായുള്ള അടുപ്പവും പിന്നീട് വിവാഹത്തിലേക്ക് എത്തുകയും സ്ത്രീധനം കൂട്ടി ചോദിച്ചതിനാൽ അത് നൽകാൻ കഴിയാത്തതിനാൽ ബന്ധത്തിൽ നിന്നും റുവൈസും കുടുംബവും പിന്മാറിയതാണ് ഷഹാന ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുകയും സഹപ്രവർത്തകരും സുഹൃത്തുക്കളും രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. പിന്നാലെ റുവൈസ് ഒളിവിൽ പോവുകയായിരുന്നു.
ഷഹാനയുടെ ആത്മഹത്യയ്‌ക്കു പിന്നാലെ റുവൈസിനെ തൽസ്ഥാനത്തുനിന്ന് പിജി ഡോക്ടർമാരുടെ സംഘടന (കെഎംപിജിഎ) നീക്കിയിരുന്നു. അന്വേഷണത്തിൽ സുതാര്യത ഉറപ്പു വരുത്താനാണ് അന്വേഷണം അവസാനിക്കുന്നതുവരെ ഇയാളെ സ്ഥാനത്തുനിന്ന് നീക്കുന്നതെന്നായിരുന്നു സംഘടന അറിയിച്ചത്.















