തിരുവനന്തപുരം: ഡോക്ടർ ഷഹ്‍നയുടെ ആത്മഹത്യയിൽ കസ്റ്റഡിയിലായ ആണ്‍സുഹൃത്ത് ഡോ. റുവൈസിനെതിരെ ഗുരുതര ആരോപണങ്ങൾ. ഷഹ്‍നയുടെ സഹോദരൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയത് റുവൈസ് ആണെന്ന് ഡോ. ഷഹ്നയുടെ സഹോദരന്‍ ജാസിം നാസ് ആരോപിച്ചു.
സഹോദരിയോട് സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയത് റുവൈസായിരുന്നു. കഴിയുന്നത്ര നൽകാമെന്ന് സമ്മതിച്ചെങ്കിലും റുവൈസ് വഴങ്ങിയില്ലെന്നും ജാസിം നാസ് പറഞ്ഞു. തങ്ങൾ പറഞ്ഞ സ്ത്രീധനം നൽകണമെന്നും പിതാവിനെ ധിക്കരിക്കാൻ ആവില്ലെന്ന് റുവൈസ് പറഞ്ഞിരുന്നതായും ജാസിം വെളിപ്പെടുത്തി. പണമാണ് തനിക്ക് വലുതെന്നാണ് റുവൈസ് ഷഹ്നയോട് പറഞ്ഞത്. ഷഹ്നക്ക് റുവൈസിനെ അത്രത്തോളം ഇഷ്ടമായിരുന്നു. റുവൈസ് തയ്യാറായിരുന്നെങ്കിൽ രജിസ്റ്റർ വിവാഹം നടത്തി കൊടുക്കുമായിരുന്നു. പക്ഷെ അതിനും റുവൈസ് തയാറായില്ലെന്നും സഹോദരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് പുലർച്ചെ ആയിരുന്നു ഒളിവിൽ കഴിഞ്ഞിരുന്ന ഡോ. റുവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഡോ. റുവൈസിന്‍റെ ഫോൺ സൈബർ പരിശോധനയ്‌ക്ക് നൽകാൻ തീരുമാനിച്ചെന്നും പോലീസ് വ്യക്തമാക്കി. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് തിരുവനന്തപുരം മെഡിക്കൽകോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്.















