തിരുവനന്തപുരം: സ്ത്രീധനമായി വൻ തുക ആവശ്യപ്പെട്ടതിനെ തുടർന്ന് യുവ ഡോക്ടർ ഷഹ്‍ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പിജി ഡോക്ടര്‍ റുവൈസിനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് സസ്പെൻഡ് ചെയ്തത്. ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി.
വിഷയം ഗൗരവകരമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ റുവൈസിനെ സസ്പെൻഡ് ചെയ്തത്.
ഷഹാനയുടെ ആത്മഹത്യയ്‌ക്കു പിന്നാലെ റുവൈസിനെ തൽസ്ഥാനത്ത് നിന്ന് പിജി ഡോക്ടർമാരുടെ സംഘടനയായ കെഎംപിജിഎയും നീക്കിയിരുന്നു. അന്വേഷണത്തിൽ സുതാര്യത ഉറപ്പു വരുത്താനാണ് അന്വേഷണം അവസാനിക്കുന്നതുവരെ ഇയാളെ സ്ഥാനത്തുനിന്ന് നീക്കുന്നതെന്നായിരുന്നു സംഘടന അറിയിച്ചത്.















