പാലക്കാട്: ചെന്നെയിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ട്രെയിനുകൾ റദ്ദാക്കി. ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും ഇന്ന് സർവീസ് നടത്തേണ്ട ട്രെയിനുകളാണ് റദ്ദാക്കിയത്. മൂന്ന് സർവീസുകളാണ് പൂർണമായും റദ്ദാക്കിയിരിക്കുന്നത്.
22651- ചെന്നൈ സെന്‍ട്രല്‍- പാലക്കാട് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, 12601- ചെന്നൈ സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മെയില്‍, 12624-തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
ചുഴലിക്കാറ്റും പ്രളയവും കാരണം തടസ്സപ്പെട്ട തീവണ്ടി സര്‍വീസ് അടുത്ത ദിവസം തന്നെ സാധാരണ നിലയിലേക്ക് എത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചിട്ടുണ്ട്. ചെന്നൈ സെന്‍ട്രലിനുസമീപം ബേസിന്‍ ബ്രിഡ്ജിനും വ്യാസര്‍പാടിക്കുമിടയില്‍ വെള്ളക്കെട്ടുണ്ടായതാണ് ട്രെയിൻ സർവ്വീസുകളെ ബാധിച്ചത്.
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ചെന്നൈയിലെ പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലുമാണ് മിഷോങ് ചുഴലിക്കാറ്റ് അതിശക്തമായി ബാധിച്ചത്.















