ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്-II എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അപേക്ഷ ക്ഷണിച്ചത്. 995 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനറൽ വിഭാഗത്തിന് 377, ഇഡബ്ല്യുഎസ് 129, ഒബിസി 222, എസ് സി 134, എസ്ടി 133 എന്നിങ്ങനെയുള്ള വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ് നടത്തുക. എഴുത്ത് പരീക്ഷ 150 മാർക്കിനും അഭിമുഖം 100 മാർക്കിനുമായിരിക്കും നടക്കുക. എഴുത്ത് പരീക്ഷകൾക്ക് അഞ്ച് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. 100 മാർക്കിനുള്ള ഒന്നാം ഘട്ട പരീക്ഷയിൽ ജനറൽ, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 35 മാർക്ക് നേടണം. എസ് സി, എസ്ടി-33, ഒബിസി 34 എന്നിങ്ങനെയാണ് മിനിമം മാർക്ക് നേടേണ്ടത്. 44,904-1,42,400 രൂപയാണ് ശമ്പള സ്‌കെയിൽ.
18 വയസിനും 27 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രോസസിംഗ് ഫീസായി 450 രൂപയാണ് ഉദ്യോഗാർത്ഥികൾ അടയ്‌ക്കേണ്ടത്. ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ പുരുഷന്മാർ 100 രൂപ പരീക്ഷാ ഫീസും അടയ്‌ക്കണം. ഡിസംബർ 15-ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.















