തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ തന്റെ ഭാഗം കേൾക്കാനും തയ്യാറാകണമെന്ന് അറസ്റ്റിലായ ഡോ. റുവൈസ്. റിമാന്റിൽ വിട്ട റുവൈസിനെ വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് ഈ പ്രതികരണം. മാദ്ധ്യമപ്രവർത്തകർ എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് എന്റെ ഭാഗവും ആരെങ്കിലും കേൾക്കാൻ തയ്യാറാകണമെന്ന് റുവൈസ് മറുപടി പറഞ്ഞത്.
അതേസമയം റുവൈസിനെ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സ്ത്രീധനം ആവശ്യപ്പെട്ടുള്ള റുവൈസിന്റെ പ്രവൃത്തിയെ ‘അപരിഷ്‌കൃതം’ എന്നാണ് പോലീസിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷഹനയുടെ മരണകാരണമെന്നാണ് പോലീസ് കണ്ടെത്തൽ.