സുസ്ഥിരമായ വികസനത്തിലൂടെ ഭാരതം അതിവേഗം വളരുകയാണ്. നടപ്പു സാമ്പത്തിക വർഷം അവസാനത്തോടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 6.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വർ അറിയിച്ചു.
ഈ ദശകം അനിശ്ചിതത്വത്തിന്റെ ദശകമായിരിക്കും. എന്നിരുന്നാലും ഭാരതം വളർച്ച കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഡിപി ഉയർത്താൻ സഹായകമാകുന്ന ഓരോ കാര്യങ്ങളും യഥാസ്ഥിതികമായി ആസൂത്രണം ചെയ്യുന്നതിലാണ് ഊന്നൽ നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022-23 -ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.2 ശതമാനം വളർച്ചയാണ് കൈവരിച്ചത്. നടപ്പുവർഷത്തിൽ സെപ്റ്റംബർ വരെയുള്ള പാദത്തിൽ ഇന്ത്യ 7.6 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ഖ്യാദി സ്വന്തമാക്കി വളർച്ച ഉയരുകയാണ്. ഉത്പാദനം, ഖനനം, സേവന മേഖലകളാണ് പ്രധാന വരുമാന മേഖലകൾ.
നടപ്പുസാമ്പത്തിക വർഷം ഇന്ത്യ 6.5 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ആർബിഐയുടെയും അനുമാനം. 6.3 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ്, വേൾഡ് ബാങ്ക്, എഡിബി, ഫിച്ച് എന്നിവയുടെ പ്രവചനം. 64. ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ് എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ്സ് പറയുന്നത്.
എട്ട് വർഷത്തിനിടെ, വലിയ സമ്പദ്‌വ്യവസ്ഥയിൽ പത്താം സ്ഥാനത്ത് നിന്ന് ഇന്ത്യ അഞ്ചാമതായി. മേക്ക്-ഇൻ-ഇന്ത്യ പദ്ധതി, പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) തുടങ്ങിയ സംരംഭങ്ങളാണ് ഉത്പാദന മേഖലയുടെ വിജയത്തിന് കാരണമായത്. 2017-18 ൽ 17.8 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 10 ശതമാനമായി കുറഞ്ഞു. അഞ്ച് വർഷത്തിനിടെ 13.5 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി.















