പ്രഥമ സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെ സ്മരണയിൽ രാജ്യം. 2021 ഡിസംബർ 08 ന് നീലഗിരിക്ക് സമീപമുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് വിരമൃത്യു വരിച്ചത്. സുളൂരിലെ എയർഫോഴ്‌സ് വിമാനത്താവളത്തിൽ നിന്നും ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 14 പേരെയും വഹിച്ചുകൊണ്ട് പറന്നുയർന്ന വ്യോമസേനയുടെ മിൽ എംഐ17 ഹെലികോപ്റ്റർ നീലഗിരിയിലെ വെല്ലിംഗ്ടണ് സമീപം അപകടത്തിൽപ്പെടുകയായിരുന്നു. റാവത്ത് ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന 13 പേരും അന്നുതന്നെ മരണത്തിന് കീഴടങ്ങി. ജന. റാവത്തിന്റെ ലെയ്‌സൺ ഓഫീസറായിരുന്ന ക്യാപ്റ്റൻ വരുൺ സിഗ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഒരാഴ്ചയ്‌ക്ക് ശേഷം അദ്ദേഹവും മരിച്ചു.

1958 ൽ ഉത്തർഖണ്ഡിലെ പൗരി എന്ന ചെറുപട്ടണത്തിലാണ് ബിപിൻ റാവത്ത് ജനിച്ചത്. സൈനികനും ഇന്ത്യൻ കരസേനയുടെ സഹമേധാവിയുമായിരുന്നു ബിപിൻ റാവത്തിന്റെ പിതാവ് ലക്ഷ്മൺ സിംഗ് റാവത്ത്. പിതാവിന്റെ പാത പിന്തുടർന്ന് റാവത്തും ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ ചേർന്ന അദ്ദേഹം അവിടെ നിന്ന് ബിരുദം നേടി. ശേഷം വെല്ലിംഗ്ടണിലെ ഡിഫൻസ്സർവീസ് സ്റ്റാഫ് കോളേജിൽ നിന്നും ബിരുദവും യുഎസ് ആർമി കമാൻഡ് ആൻഡ് ജനറൽ സ്റ്റാഫ് കോളേജിൽ നിന്നും ഹയർ കമാൻഡ് കോഴ്‌സും പൂർത്തീകരിച്ചു.

1978ലാണ് റാവത്ത് സൈന്യത്തിന്റെ ഭാഗമാകുന്നത്. ഇന്ത്യ- ചൈന അതിർത്തിയിലായിരുന്നു ആദ്യ പോസ്റ്റിംഗ്. ശേഷം കശ്മീരിലെ ഉറിയിലും കിബിത്തുവിലും യൂണിറ്റുകളെ നയിച്ചു. 2005 ൽ ബ്രിഗേഡിയറായി ചുമതലേയേറ്റ അദ്ദേഹം സേവാ മെഡലും യുദ്ധ സേവ മെഡലും സ്വന്തമാക്കി. ഐക്യരാഷ്‌ട്രസഭിലെ വിവിധ സൈനിക ദൗത്യങ്ങളിലും ഭാഗമായ റാവത്ത് 2013 ലാണ് മേജർ ജനറൽ റാങ്കിലേക്ക് ഉയരുന്നത്. 2013 ജനുവരി 26 ന് അതിവിശിഷ്ട സേവ മെഡലും അദ്ദേഹം നേടി. 2016 ഡിസംബറിലാണ് ഇന്ത്യൻ കരസേനാ മേധാവിയായി അദ്ദേഹം ചുമതലയേറ്റത്.

2017 ൽ ദോക്ലാമിൽ ചൈനീസ് സൈന്യത്തിന്റെ കയ്യേറ്റ ശ്രമങ്ങളെ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തുമ്പോൾ ബിപിൻ റാവത്തായിരുന്നു കരസേനാ മേധാവി. കശ്മീരിലെ കല്ലേറുകാരിൽ പ്രധാനിയെ പിടികൂടി സൈനിക വാഹനത്തിന് മുന്നിൽ കെട്ടിയിട്ട സംഭവത്തിൽ രൂക്ഷ വിമർശനങ്ങൾ ഉയർന്നപ്പോഴും റാവത്ത് തന്റെ സഹപ്രവർത്തകർക്കൊപ്പം നിന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ പേരിൽ കലാപം അഴിച്ചുവിടാൻ ചിലർ നടത്തിയ ശ്രമങ്ങൾക്കെതിരെ ശബ്ദമുയർത്താൻ അന്ന് അദ്ദേഹം വിമുഖത കാട്ടിയില്ല.
2020 ജനുവരി ഒന്നിനാണ് ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവിയായി ജന. ബിപിൻ റാവത്ത് നിയോഗിക്കപ്പെടുന്നത്. സൈന്യത്തിലെ നിർണായക മാറ്റങ്ങൾക്കും ആധുനിക വൽക്കരണത്തിനും തുടക്കം കുറിക്കാൻ അദ്ദേഹം മുൻകൈ എടുത്തു. 2021 ഡിസംബർ എട്ടിന് മരണപ്പെടുന്നതുവരെ അദ്ദേഹം ചുമതലയിൽ തുടർന്നു.















