ഭോപ്പാൽ: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിനെത്തുടർന്ന് തന്റെ പന്തയം പാലിച്ച് കോൺഗ്രസ് എംഎൽഎ. കോൺഗ്രസ് നേതാവ് ഫൂൽ സിംഗ് ബരയ്യ ആണ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയതിനെത്തുടർന്ന് മുഖത്ത് കറുത്ത ചായം പൂശിയത്. ഇദ്ദേഹം ഭന്ദർ നിയോജക മണ്ഡലത്തിൽ നിന്നുളള എംഎൽഎയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ മദ്ധ്യപ്രദേശിൽ ബിജെപി 50 സീറ്റുകൾ നേടിയാൽ താൻ തന്റെ മുഖം കറുപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അങ്ങിനെ സംഭവിച്ചാൽ ഈ കറുപ്പിക്കൽ ഡിസംബർ 7ന് ഉച്ചയ്‌ക്ക് 2 മണിക്ക് ഭോപ്പാൽ രാജ്ഭവന് മുന്നിൽ വെച്ച് നടത്താമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ 163 സീറ്റുകൾ നേടി ബിജെപി സംസ്ഥാനത്ത് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയപ്പോൾ കോൺഗ്രസ് 66 സീറ്റിൽ ഒതുങ്ങി. ബിജെപി 50 സീറ്റുകൾ നേടിയാൽ മദ്ധ്യപ്രദേശിലെ കോൺഗ്രസ് നേതാക്കളിൽ പലരും മുഖത്ത് കറുത്ത ചായം പൂശുമെന്ന് ചില പ്രസംഗംങ്ങളിൽ ഫൂൽ സിംഗ് ബരയ്യ പറഞ്ഞിരുന്നു.
ഇതിനെത്തുടര്ന്നാണ് വാഗ്‌ദാനം ചെയ്‌തതുപോലെ, പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗിന്റെയും ഒപ്പം ഭന്ദർ എംഎൽഎ ഫൂൽ സിംഗ് ബരയ്യ മുഖത്ത് കറുത്ത പാട് പതിപ്പിച്ചാണ് രാജ്ഭവന് മുന്നിൽ പ്രത്യക്ഷപ്പെട്ടത് . മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനോടും മുഖത്ത് കറുത്ത ചായം തേയ്‌ക്കാൻ ബരയ്യ അഭ്യർത്ഥിച്ചെങ്കിലും സിംഗ് അത് നിരസിച്ചു. രണ്ട് പേർക്കുമൊപ്പം മറ്റ് പാർട്ടി അംഗങ്ങളും പുഞ്ചിരിക്കുന്നത് കാണാമായിരുന്നു. സംസ്ഥാനത്ത് പോസ്റ്റൽ ബാലറ്റിൽ കോൺഗ്രസ് മുന്നിലാണെന്നും അതിനാൽ താൻ വാക്ക് പാലിക്കില്ലെന്നുമാണ് ദിഗ്വിജയ് സിംഗിന്റെ വാദം.
പിന്നീട് നൽകിയ വിശദീകരണത്തിൽ തന്റെ നടപടി ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണത്തിന് വേണ്ടിയാണെന്ന് ഫൂൽ സിംഗ് ബരയ്യ അവകാശപ്പെട്ടു. എന്തായാലും താൻ നൽകിയ വാഗ്ദാനം നിറവേറ്റിയെന്ന് അദ്ദേഹം പറഞ്ഞു. ദിഗ്വിജയ് സിംഗ് നിരസിച്ചെങ്കിലും തനിക്ക് വാക്ക് പാലിക്കേണ്ടിവന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫൂൽ സിംഗ് ബരയ്യയെ പിന്തുണച്ച് കർഷക കോൺഗ്രസ് നേതാവ് യോഗേഷ് ദണ്ഡൗതിയ ഗ്വാളിയോറിൽ മുഖം കറുപ്പിച്ചിരുന്നു.















