ന്യൂഡൽഹി: പെട്രോൾ-ഡീസൽ വാഹനങ്ങളുടെ വിലയ്‌ക്ക് തുല്യമാകും ഇലക്ട്രിക് വാഹനങ്ങളുടെ വിലയെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. അഞ്ച് വർഷത്തിനുള്ളിൽ വൈദ്യുത കാറുകൾ, ബസുകൾ, ട്രക്കുകൾ എന്നിവ കയറ്റുമതി ചെയ്യുന്ന മുൻനിര രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററി മാലിന്യത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും കേന്ദ്രമന്ത്രി രാജ്യസഭയിൽ പറഞ്ഞു. എന്നാൽ അത്തരത്തിലൊരു റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലിഥിയം-അയൺ ബാറ്ററി മാലിന്യം പുനരുപയോഗം ചെയ്യാനുള്ള പദ്ധതി വിഭാവനം ചെയ്യുമെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു. രഞ്ജിത്ത് രഞ്ജന്റെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാണ ഹബ്ബാക്കി ഇന്ത്യയെ മാറ്റുമെന്ന് നേരത്തെ തന്നെ ഗതാഗതമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിനായി ഇവികളിൽ ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററികൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.