ന്യൂഡൽഹി: 2047- ഓടെ രാജ്യത്തുടനീളം 4,500 വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നിലവിൽ രാജ്യത്ത് 23 വന്ദേഭാരത് ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്. 2026 നും 27 നും ഇടയിൽ രാജ്യത്ത് ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ സർവ്വീസ് ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. വന്ദേ ഭാരത് എക്സ്പ്രസ്, ബുള്ളറ്റ് ട്രെയിനുകൾ എന്നിവയ്‌ക്ക് പുറമെ, സാധാരണ ട്രെയിനുകളിൽ നിന്നുള്ള കാർബണിന്റെ പുറന്തള്ളൽ വരും വർഷങ്ങളിൽ ഇല്ലാതാക്കാനായി കേന്ദ്രസർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2024ന്റെ അവസാനത്തോടെ നവി മുംബൈയിലെ രണ്ടാമത്തെ വിമാനത്താവളവും ജെവാറിൽ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളവും പ്രവർത്തനക്ഷമമാകും. അയോദ്ധ്യയിലെ മറ്റൊരു വിമാനത്താവളവും 2024 ഡിസംബറിൽ സജ്ജമാകും. ഇത് ജനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി സമർപ്പിക്കും. 2014 മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് കീഴിൽ ഇന്ത്യ അനുദിനം വളർച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണ്. അതിന് മുമ്പ് രാജ്യത്ത് വീക്ഷണത്തിന്റെയും നേതൃത്വത്തിന്റെയും അഭാവമാണുണ്ടായത്. – കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
10 ലക്ഷം കോടി രൂപ ചിലവിൽ റെയിൽവേയിലെ വികസന പദ്ധതികൾ പുരോഗമിക്കുകയാണ്. ലോകത്തിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന റെയിൽവേ സംവിധാനമായി ഇന്ത്യൻ റെയിൽവേ മാറി. ജമ്മു കശ്മീരിൽ ലോകത്തിലെ ഏറ്റവും വലിയ റെയിൽ പാതയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഏറ്റവും അവഗണിക്കപ്പെട്ട ഭാഗങ്ങളെ ഉയർത്തികൊണ്ടുവന്നു. ജമ്മു കശ്മീരിനെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും രാജ്യത്തിന്റെ വികസനത്തിന്റെ കേന്ദ്രമാക്കി മാറ്റി. സർക്കാർ നിക്ഷേപത്തിനും സ്വകാര്യമേഖലയുടെ ഫണ്ടിംഗിനും അനുമതി വേഗത്തിൽ ലഭിക്കാനായി വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇപ്പോൾ വർദ്ധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















