തിരുവനന്തപുരം: യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ പ്രതി റുവൈസിന്റെ അച്ഛൻ ഒളിവിൽ. റുവൈസിന്റെ കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയിട്ട നിലയിലാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം റുവൈസിന്റെ ബന്ധു വീടുകളിലുൾപ്പെടെ പോലീസ് അന്വേഷണം നടത്തിയിരുന്നു.
സ്ത്രീധനത്തിനായി റുവൈസിന്റെ അച്ഛനും സമ്മർദ്ദം ചെലുത്തിയതായി ഷഹ്നയുടെ അമ്മ പോലീസിന് മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് റുവൈസിന്റെ അച്ഛനെയും കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാൻ പോലീസ് നീക്കം തുടങ്ങിയത്. വിവാഹ തീയതിയുൾപ്പെടെ നിശ്ചയിച്ച ശേഷമാണ് റുവൈസും കുടുംബവും വിവാഹത്തിൽ നിന്നും പിന്മാറിയത്. റുവൈസിനെ കൂടാതെ അച്ഛനെയും ബന്ധുക്കളെയും കൂടി പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. റുവൈസും ബന്ധുക്കളും പണം ആവശ്യപ്പെട്ടുവെന്നാണ് ഷഹ്നയുടെ ബന്ധുക്കൾ പറയുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ആത്മഹത്യ ചെയ്യാൻ പോകുന്നെന്ന് റഞ്ഞ് ഷഹ്ന റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചത്. ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അറിഞ്ഞിട്ടും തടയാനോ സംസാരിക്കാനോ കൂട്ടാക്കാതെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹ്നയുടെ മാനസികനില കൂടുതൽ തകർത്തതായാണ് വിലയിരുത്തൽ. തുടർന്ന് 11.30 ഓടെയാണ് ഷഹ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്.