ഹൈദരാബാദ്: തെലങ്കാന നിയമസഭയുടെ പുതിയ പ്രോടേം സ്പീക്കറായി എഐഎംഐഎം എംഎൽഎ അക്ബറുദ്ദീൻ ഒവൈസി നിയമിതനായി.
ചന്ദ്രയങ്കുട്ട നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച ഒവൈസി, സഭ മുഴുവൻ സമയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതുവരെ പ്രോടേം സ്പീക്കറായിരിക്കും. ഇത് രണ്ടാം തവണയാണ് എഐഎംഐഎം നിയമസഭാംഗം പ്രോടേം സ്പീക്കറാകുന്നത്. 2018ൽ ചാർമിനാർ എംഎൽഎ ആയിരുന്ന മുംതാസ് അഹമ്മദ് ഖാൻ ആയിരുന്നു ഈ ഉത്തരവാദിത്തം നിർവ്വഹിച്ചത്.
ശനിയാഴ്ച രാവിലെ 8.30ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഒവൈസി സത്യപ്രതിജ്ഞ ചെയ്തു. എല്ലാ എംഎൽഎമാരും സത്യപ്രതിജ്ഞ പൂർത്തിയാക്കിയാൽ മുഴുവൻ സമയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതി നിശ്ചയിക്കും. ഗജ്‌വേലിൽ നിന്ന് പുതിയ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ഇടുപ്പെല്ല് പൊട്ടി ആശുപത്രിയിലായതിനാൽ സമ്മേളനത്തിൽ പങ്കെടുക്കില്ല.
അക്ബറുദ്ദീൻ ഒവൈസിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ താനും മറ്റ് ബിജെപി എംഎൽഎമാരും പങ്കെടുക്കില്ലെന്ന് നിയുക്ത ബിജെപി എംഎൽഎ രാജാ സിംഗ് പറഞ്ഞു. താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം എഐഎംഐഎമ്മിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് രാജ സിംഗ് ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു . ” മുമ്പ് ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തിയ ഒരാളുടെ ( അക്ബറുദ്ദീൻ ഒവൈസി ) മുന്നിൽ എനിക്ക് സത്യപ്രതിജ്ഞ ചെയ്യാണ് പറ്റില്ല ” രാജ സിംഗ് അഭിപ്രായപ്പെട്ടു. 2018ൽ എഐഎംഐഎം അംഗം പ്രോടേം സ്പീക്കറായിരിക്കെ താൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രോടേം സ്പീക്കർ ആക്കാമായിരുന്ന നിരവധി മുതിർന്ന എംഎൽഎമാരുണ്ട്, എന്നാൽ രേവന്ത് റെഡ്ഡി ന്യൂനപക്ഷങ്ങളെയും എഐഎംഐഎം നേതാക്കളെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് രാജ സിങ് ആരോപിച്ചു.
മുൻപ് അക്ബറുദ്ദിൻ ഒവൈസി നടത്തിയ ഹിന്ദു ഉന്മൂലന പ്രസംഗം വിവാദമായിരുന്നു. 15 മിനിറ്റ് പോലീസിനെ മാറ്റി നിർത്തിയാൽ ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാം എന്ന അർഥം വരത്തക്ക രീതിയിലാണ് ഇയാൾ പ്രസംഗിച്ചത്.
“തസ്ലീമ നസ്രീൻ വന്നു, ഇപ്പോൾ അവൾ എവിടെയാണെന്ന് ആർക്കും അറിയില്ല. പ്രിയ ഹിന്ദുസ്ഥാൻ, ഞങ്ങൾ 25 കോടിയാണ്, നിങ്ങൾ എല്ലാവരും 100 കോടിയാണ്, അല്ലേ? നന്നായി. എണ്ണത്തിൽ നിങ്ങൾ ഞങ്ങളേക്കാൾ വളരെ മുന്നിലാണ്. 15 മിനിറ്റ് പോലീസിനെ നീക്കം ചെയ്യുക, ആരാണ് കൂടുതൽ ശക്തൻ എന്ന് നിങ്ങൾ കാണും. സദസ്സിന്റെ കരഘോഷത്തിനും ആർപ്പുവിളിക്കും ഇടയിലായിരുന്നു ഒവൈസി ജൂനിയറുടെ ഈ വിദ്വേഷ പരാമർശം. “പോലീസിനെ 15 മിനിറ്റ് നീക്കൂ! ആ പുരുഷത്വമില്ലാത്തവന്മാർ (ഹിന്ദുക്കൾ) ആയിരമോ ലക്ഷമോ ഒരു കോടിയോ ആകട്ടെ , കൂട്ടായി ശ്രമിച്ചാലും അവർക്ക് ഒരു ജന്മം നൽകാൻ കഴിയില്ല.” ഇതായിരുന്നു അക്ബറുദ്ദിൻ നടത്തിയ വിദ്വേഷ പരാമർശം.















