പാലക്കാട്: കശ്മീരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചിറ്റൂർ സ്വദേശി മഹാദേവന്റെ മകൻ മനോജാണ്(24) മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ മനോജ് ശ്രീനഗറിൽ ചികിത്സയിലായിരുന്നു. മനോജിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരുടെ സംസ്‌കാരം കഴിഞ്ഞ ദിവസം ചിറ്റൂർ മന്തക്കാട് പൊതു ശ്മശാനത്തിൽ നടന്നു. ശ്രീനഗറിൽ നിന്നും പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചത്. തുടർന്ന് പ്രത്യേക ആംബുലൻസിൽ ചിറ്റൂരിലെത്തിച്ചു.
കശ്മീരിലെ സോജില ചുരത്തിൽ വച്ചായിരുന്നു വാഹനാപകടം. യാത്ര കഴിഞ്ഞ് സോനമാർഗിൽ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയിൽ അപകടത്തിൽപ്പെട്ടത്. വാഹനം റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു.















