ബീജിംഗ്: ചൈനീസ് സമ്പദ് വ്യവസ്ഥയ്‌ക്ക് കനത്ത ആഘാതമേൽപ്പിച്ചിരിക്കുകയാണ് ഉപഭോക്തൃവില സൂചികയിലെ (consumer price index – CPI) കുറവ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും പരിതാപകരമായ നിരക്കാണ് നവംബറിൽ രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ അതിതീവ്രമായ നാണ്യച്ചുരുക്കത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ചൈന.
സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയില്‍ അഥവാ മൂല്യത്തിൽ വാർഷികാടിസ്ഥാനത്തിൽ വരുന്ന വർദ്ധനവാണ് ഉപഭോക്തൃ വിലസൂചികയിലൂടെ കണക്കാക്കുന്നത്. ഇതുപ്രകാരം രാജ്യത്തെ പൊതു വില നിലവാരം താഴേക്ക് പോകുന്ന അവസ്ഥയാണ് നാണ്യച്ചുരുക്കം. ഒക്ടോബർ മാസത്തെ അപേക്ഷിച്ചും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചും 0.5 % ശതമാനത്തിന്റെ കുറവാണ് കൺസ്യൂമർ പ്രൈസ് ഇൻഡക്സിൽ നിലവിൽ പ്രകടമായിരിക്കുന്നത്. സാധനങ്ങളുടെയും സേവനങ്ങളുടെയും ആവശ്യകതയിലുണ്ടായ ഗണ്യമായ കുറവാണ് അവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചത്.
ഈ മാറ്റം വലിയ സാമ്പത്തിക തകർച്ചയിലേക്ക് രാജ്യത്തെ നയിക്കും. റിയൽ എസ്റ്റേറ്റ് മേഖലയുടെ തകർച്ചയും ചൈനയിലെ വിവിധ പ്രവിശ്യകൾ കടക്കെണിയിൽ അകപ്പെട്ടതും ചൈനയെ സാമ്പത്തികമായി ബാധിച്ചുവെന്നാണ് വിലയിരുത്തൽ.















