ബാലാസാഹേബ് ദേവറസ്ജി എന്ന സാമൂഹ്യപരിഷ്കർത്താവ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ബാലാസാഹേബ് ദേവറസ്ജി എന്ന സാമൂഹ്യപരിഷ്കർത്താവ്

ഡിസംബര്‍ 11, തൃതീയ സര്‍സംഘചാലക് ബാലാ സാഹേബ് ദേവറസ്ജി ജന്‍മദിനം (ഡിസംബര്‍ 11, 1915 – ജൂണ്‍ 17, 1996)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 04:54 pm IST
FacebookTwitterWhatsAppTelegram

രാഷ്‌ട്രീയ സ്വയംസേവക് സംഘത്തിന്റെതൃതീയ സര്‍സംഘചാലക് ആയിരുന്ന മധുകര്‍ ദത്താത്രേയ ദേവറസ് അഥവാ ബാലാസാഹെബ് ദേവറസ് ഒരു അനുപമ സാമൂഹ്യ പരിഷ്ക്കര്ത്താവ് കൂടിയായിരുന്നു. എന്നാൽ ആ നിലയില്‍ ചര്‍ച്ച ചെയ്യപ്പെടാൻ നമ്മുടെ സ്വയം പ്രഖ്യാപിത സാമൂഹ്യ ചരിത്രകാരന്മാര്‍ ഒരു ശ്രമവും നടത്തിയിട്ടില്ല എന്നതാണ് വാസ്തവം. ദ്വിതീയ സര്‍സംഘചാലക് പരമ പൂജനീയ ഗുരുജി ഗോള്‍വള്‍ക്കര്‍ 1973 ജൂണ്‍, 5ന് ഇഹലോകവാസം വെടിഞ്ഞതോടെയാണ് ദേവറസ്ജി സര്‍സംഘചാലക് പദവിയില്‍ എത്തിയത്. ഗുരുജിയുടെ ചിതാഗ്നി കെടുന്നതിന് മുന്പ് അന്നത്തെ മാധ്യമ സുഹൃത്തുക്കള്‍ ഇരു സര്‍സംഘചാലകന്മാരെയും താരതമ്യപ്പെടുത്തിയത് ഈ ലേഖകന്‍ ഇന്നും ഓര്‍ക്കുന്നു. ഗോള്‍വള്‍ക്കര്‍ ഒരു മഹാനായ ആത്മീയ വ്യക്തിത്വമായിരുന്നു. പക്ഷെ, അദേഹത്തിന്റെ പിന്ഗാമിയാകട്ടെ അത്തരം കാര്യങ്ങളില്‍ താല്‍പ്പര്യമോ ആത്മീയചായ്വോ ഇല്ലാത്ത വ്യക്തിത്വമാണ്; അതിനാല്‍ സംഘം ഒരു അസ്ഥിത്വ പ്രതിസന്ധിയിലേക്ക് (identity crisis) പോകും എന്നായിരുന്നു വിമർശനം.

പക്ഷെ, സ്വയംസേവകരും, സംഘ ബന്ധുക്കളും ചിന്തിച്ചത് മറ്റൊരു രീതിയിലായിരുന്നു. പരമ പൂജനീയ സംഘസ്ഥാപകനും ആദ്യസര്സംഘചാലകുമായ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിനെ നേരില്‍ കാണാന്‍ സാഹചര്യം ലഭിക്കാത്തവരെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. അവര്‍ കണ്ട സര്സംഘചാലക് ആത്മീയതയുടെ പരമോന്നത്യത്തില്‍ നിന്നിരുന്ന ഉജ്ജ്വല വ്യക്തിത്വമായിരുന്ന പരമ പൂജനീയ ഗുരുജിയായിരുന്നു. മേല്‍പ്പറഞ്ഞ ചോദ്യം ഉന്നയിച്ചവരുടെ സംശയം തികച്ചും സ്വാഭാവികമായിരുന്നു: “പുതിയ സര്സംഘചാലക് ഗുരുജിക്ക്‌ അനുയോജ്യനായ പിന്‍ഗാമിയാകുമോ “? ആ ചോദ്യത്തിന് ദേവറസ്ജി ഉത്തരം നല്‍കിയത് തന്റെ അശ്രാന്ത പ്രവര്‍ത്തികളിലൂടെയും, ചലനാത്മകവും മാതൃകാപരവും, സൂക്ഷ്മവുമായ നേതൃത്വത്തിലൂടെയുമായിരുന്നു. ആ നിരന്തര അധ്വാനം അദ്ദേഹം 1994 മാര്‍ച്ചിലെ അഖില ഭാരതീയ പ്രതിനിധി സഭയില്‍ വെച്ച് അനാരോഗ്യം മൂലം സര്സംഘ്ചാലക പദവി ത്യജിക്കുന്നത് വരെ തുടര്‍ന്നു.

ദേവറസ്ജി സര്സംഘചാലക് പദവി എറ്റെടുത്തത് 1973 ജൂലൈയില്‍ പൂജനീയ ഗുരുജിയുടെ മാസിക ശ്രാദ്ധം ആചരിക്കുന്ന വേളയിലാണ്. ആ ചടങ്ങില്‍ സംസാരിക്കവേ താൻ പിന്തുടരാന്‍ പോകുന്ന ശൈലിയെ കുറിച്ച് അദ്ദേഹം സൂചന നല്‍കി. തന്റെ നേതൃത്വത്തില്‍ സാമൂഹ്യ സേവന രംഗത്തും സാമൂഹ്യ പരിഷ്ക്കരണ രംഗത്തും ആയിരിക്കും സംഘടനയുടെ ഊന്നല്‍ എന്നായിരുന്നു ആ സൂചന.

താന്‍ പറഞ്ഞ വാക്കുകള്‍ ശരിയെന്നു പിൽക്കാലത്തെ അദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തനവും നേതൃത്വവും തെളിയിച്ചു. സാമൂഹ്യ സമരസതയും സാമൂഹ്യ പരിഷ്ക്കരണവും സംഘടനയുടെ അവിഭാജ്യ അവയവങ്ങളാക്കി അദ്ദേഹം മാറ്റി. ഈ വിഷയം ചര്‍ച്ചയ്‌ക്ക് വിധേയമാകുമ്പോള്‍ സര്സംഘചാലക പദവിയുടെ ക്രമാനുസൃതമായ ചരിത്രം പഠനവിധേയമാക്കേണ്ടതുണ്ട്. ആദ്യ സര്‍സംഘചാലക് പൂജനീയ ഡോക്ട്ടര്‍ജി സമാനതകളില്ലാത്ത അത്യുജ്ജ്വല സംഘാടകനായിരുന്നു. അദ്ദേഹം ഓരോ സ്വയംസേവകന്റെയും കഴിവുകളെ സൂക്ഷ്മായി പഠിച്ചു. സ്വാഭാവികമായും അദ്ദേഹം പൂജനീയ ഗുരുജിയുടെ അസാധാരണമായ ധിഷണാശക്തിയും ആദര്ശാധിഷ്ടിതമായ കരുത്തും പഠിച്ചു. അത് പോലെ തന്നെ പൂജനീയ ഗുരുജിയാവട്ടെ ദേവറസ്ജിയുടെ ഉജ്ജ്വലമായ സംഘടനാ ശേഷിയും ഏതു പ്രതിസന്ധിയിലും സംഘടനയെ മുന്നോട്ട് നയിക്കാനുള്ള കര്മ്മശേഷിയും ശരിക്കും മനസ്സിലാക്കി. ഡോക്ട്ടര്‍ജിയുടെ കണക്കുകൂട്ടല്‍ ശരിയെന്നു ഗുരുജിയും ഗുരുജിയുടെ ചിന്തകള്‍ ശരിയെന്നു ദേവറസ്ജിയും തെളിയിച്ചു.

” അയിത്തം പാപമല്ലെങ്കില്‍ മറ്റൊന്നും പാപമല്ല”

ഗുരുജിയുടെ വാക്കുകള്‍ കടമെടുത്താല്‍ ‘ദേവന്‍മാര്‍ക്ക് പോലും അസൂയ ഉളവാക്കുന്ന സംഘടനാ പ്രവര്‍ത്തകര്‍’ തിങ്ങി നിറഞ്ഞ സംഘടനയെ ഉപയോഗിച്ച് ദേവറസ്ജി, സാമൂഹ്യ സമരസതയേയും സാമൂഹ്യ പരിഷ്ക്കരണത്തേയും തന്റെ പ്രവര്‍ത്തന മേഖലയില്‍ ഉള്‍പ്പെടുത്തി. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ തന്റെ മുന്‍ഗാമി സാക്ഷാല്‍ക്കരിച്ച സംഘടനാ വളര്‍ച്ചയുടെ പ്രായോഗികമായ തുടര്‍ച്ചയായിരുന്നു അദ്ദേഹം സാമൂഹ്യ സമരസതയ്‌ക്കും സാമൂഹ്യ പരിഷ്ക്കരണതിനും നല്‍കിയ ഊന്നല്‍. “അയിത്തം പാപമല്ലെങ്കില്‍ മറ്റൊന്നും പാപമല്ല” എന്ന് പൂനയിലെ വസന്തമാല പ്രഭാഷണ പരമ്പരയില്‍ അദ്ദേഹം പറഞ്ഞത് തികച്ചും ഐതിഹാസികമായിരുന്നു. അത് സ്വയംസേവകരെ സംഘം ദീര്‍ഘകാലമായി പഠിപ്പിച്ചു കൊണ്ടിരുന്ന പാഠങ്ങളുടെ പ്രയോഗവല്‍ക്കരണത്തിന്റെ കാഹളമായിരുന്നു.


തെരുവ് യുദ്ധങ്ങള്‍ക്ക് പോലും വഴി തെളിയിച്ച ‘സംവരണം’ എന്ന വിഷയത്തില്‍ ദേവറസ്ജിയുടെ സമീപനം അതീവ ശ്രദ്ധേയമായിരുന്നു. 1981ലെ അഖില ഭാരതീയ പ്രതിനിധി സഭ നാഗ്പൂരില്‍ നടക്കുമ്പോള്‍ ഉണ്ടായ ചില ചര്‍ച്ചകള്‍ ഇവിടെ പ്രസക്തമാണ്. സംവരണം അനിശ്ചിതമായി തുടരുന്നത് ശരിയല്ലെന്ന് ചില പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. അഖില ഭാരതീയ പ്രതിനിധി സഭ ബൈട്ടക്കുകള്‍ (യോഗങ്ങള്‍) നടത്തുന്നതിന് സംഘത്തിനു ചില ചിട്ടകള്‍ ഉണ്ട്. ബൈട്ടക്കില്‍ ആധ്യക്ഷം വഹിക്കുന്നത് സര്കാര്യവഹ് (ജനറല്‍ സെക്രട്ടറി) ആയിരിക്കും. പൂജനീയ ഗുരുജി തുടങ്ങി വെച്ച ആ പാരമ്പര്യത്തില്‍ നിന്ന് ദേവറസ്ജിയും വ്യതിചലിച്ചില്ല. സര്സംഘചാലക് പദവിയില്‍ ഇരിക്കുന്ന കാലത്ത് ഗുരുജിയും ദേവറസ്ജിയും പ്രതിനിധി സഭ യോഗങ്ങളില്‍ ‘പ്രതിമകള്‍’ പോലെ ഇരിക്കുമായിരുനു എന്ന് സ്വര്‍ഗീയ പി. മാധവ്ജി ഒരിക്കല്‍ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. ‘ആവശ്യം അത്യാവശ്യം’ എന്ന് സ്വയം തോന്നുന്ന ഘട്ടങ്ങളില്‍ മാത്രം അവര്‍ ഇടപെട്ടു സംസാരിക്കുമായിരുന്നു’ എന്ന് യശ:ശരീരനായ ആര്‍. ഹരിയേട്ടനും ഒരിക്കല്‍ സംസാരമധ്യേ പറഞ്ഞിരുന്നു; അതും ചുരുങ്ങിയ വാചകങ്ങള്‍ മാത്രം. മേല്‍പ്പറഞ്ഞ സംവരണ പ്രശ്നം അത്തരത്തില്‍ ഒരു ക്ലാസ്സിക് ഉദാഹരണമാണ്. അന്ന്‍ അദ്ദേഹം പറഞ്ഞത് സംവരണം നിര്‍ത്തി വെക്കേണ്ട അവസ്ഥയില്‍ രാജ്യം എത്തിയിട്ടില്ല എന്നാണ് . പ്രതിനിധികള്‍ക്ക് കാര്യം പിടി കിട്ടി. അതോടെ ആ അദ്ധ്യായം അടഞ്ഞു.സമുദായ സംവരണത്തെ കുറിച്ച് ദേവറസ്ജിക്ക് ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല. ദളിതുകള്‍ക്ക് കുറെയേറെ സാമൂഹ്യ വികസനം ഉണ്ടായിരുന്നെങ്കിലും പലയിടങ്ങളിലും അവര്‍ നേരിടുന്ന സാമൂഹ്യ അസമത്വങ്ങള്‍ അദ്ദേഹത്തെ ആകുലനാക്കിയിരുന്നു.


സാമൂഹ്യ സമരസതക്ക് അദ്ദേഹം കൊടുത്ത പ്രാധാന്യം ഒരൊറ്റ സംഭവത്തില്‍ നിന്ന്‍ തന്നെ മനസ്സിലാക്കാം. ഒരിക്കല്‍ സര്സംഘചാലക് കേരള പര്യടനം നടത്തുകയായിരുന്നു. ഒരു മുതിര്‍ന്ന ബിജെപി നേതാവ് ആയിടെ വിവാഹിതനായ തന്റെ മകനെയും വധുവിനെയും കൊണ്ട് അനുഗ്രഹം തേടി ദേവറസ്ജിയുടെ അടുക്കല്‍ കൊണ്ട് വന്നു. താഴ്ന്നത് എന്ന് പറയപ്പെടുന്ന ഒരു സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടി ആയിരുന്നു ആ വധു. നേതാവ് അത് അഭിമാനത്തോടെ സര്‍സംഘചാലകനോട് പറഞ്ഞു. അദ്ദേഹം അവരെ അനുമോദിക്കുകയും അതീവ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. വിവിധ ജാതികളില്‍ പെട്ടവര്‍ പരസ്പരം വിവാഹം ചെയ്യുന്നത് ജാതി നശീകരണത്തിന് വഴി തെളിക്കുമെന്നു അദ്ദേഹം ശക്തമായി വിശ്വസിച്ചു. ഒരു മുതിര്‍ന്ന സംഘ പ്രവര്‍ത്തകന്‍ തന്റെ മകള്‍ക്ക് വേണ്ടി ഒരു വരനെ കണ്ടെത്തി. ആണ്‍കുട്ടി താഴ്ന്നതെന്നു പ്രചരിക്കപ്പെടുന്ന സമുദായത്തില്‍ പെട്ട ആളായിരുന്നു. ആ പ്രവര്‍ത്തകന്‍ അതിനെ കുറിച്ച് ആകുലപ്പെട്ടതേയില്ല. ‘മെറിറ്റ്‌’ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആകാംക്ഷ. അത് തികച്ചും ഒരു ‘അറേഞ്ജ്ഡ്’ വെഡ്ഡിംഗ് ആയിരുന്നു. വധൂവരന്‍മാര്‍ തമ്മില്‍ പരിചയമേ ഇല്ല. രണ്ടര പതിറ്റാണ്ട് മുന്പ് ഇത് സ്വപ്നത്തില്‍ പോലും കാണാന്‍ പറ്റുമായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ അങ്ങിനെ ധാരാളം വിവാഹങ്ങള്‍ സംഘകുടുംബങ്ങളില്‍ നടക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് രണ്ടു മുതിര്‍ന്ന സംഘ പ്രവര്‍ത്തകരുടെ കുടുംബങ്ങളില്‍ ഇത്തരം രണ്ടു വിവാഹങ്ങള്‍ നടന്നു. ആ പ്രവര്‍ത്തകരുടെയോ ബന്ധുജനങ്ങളുടെയോ ഇടയില്‍ എതിര്‍പ്പിന്റെ ഒരു കണിക പോലും ഉയര്‍ന്നില്ല. നിരവധി പ്രവര്‍ത്തകരും നേതാക്കളും പൗരപ്രമുഖരും ആ വിവാഹങ്ങളില്‍ സന്തോഷത്തോടെ പങ്കെടുക്കുകയും വധൂവരന്‍മാരേ അനുഗ്രഹിക്കുകയും ചെയ്തു. തങ്ങള്‍ ആദരണീയനായ ദേവറസ്ജിയുടെ അനുയായികളാണെന്ന് ആ കുടുംബങ്ങളിലെ മാതാപിതാക്കള്‍ തെളിയിച്ചു.

November 1977: RSS sarsanghchalak Balasaheb Deoras (left) with Jayaprakash Narayan at the latter’s residence.

സമാജത്തിന് വേണ്ടിയുള്ള സംഘടന
ബാലാസാഹേബ് ദേവറസ്ജി 1973ല്‍ സര്‍സംഘചാലക് പദവി ഏറ്റെടുക്കുമ്പോള്‍ വനവാസി കല്യാണ്‍ ആശ്രമം ഒരു അറിയപ്പെടുന്ന പ്രസ്ഥാനമായിരുന്നില്ല. ദേവറസ്ജിയുടെ കാലത്ത് ആ സംഘടന ശ്രദ്ധേയമായ ഒരു പ്രസ്ഥാനമായി മാറി. സംഘടന വളര്‍ച്ചയുടെ ഒരു ഘട്ടം താണ്ടിയപ്പോള്‍ അതിനു ശക്തമായ ഒരു നേതൃത്വം വേണമെന്ന് അദ്ദേഹത്തിന് തോന്നി. അതിനു അദ്ദേഹം കണ്ടെത്തിയത് മുന്‍ കേരള പ്രാന്ത് പ്രചാരക് കെ. ഭാസ്ക്കര്‍ റാവുജിയെ, കേരളത്തിന്റെ ഡോക്റ്റര്‍ജിയെ. ഇത്രയും മുതിര്‍ന്ന ഒരു പ്രചാരകനെ ഈ പ്രവര്‍ത്തനത്തിന് നിയോഗിച്ചതില്‍ നിന്നും വ്യക്തമാണ് ദേവറസ്ജിയ്‌ക്കു വനവാസി കാര്യങ്ങളില്‍ ഉണ്ടായിരുന്ന തല്‍പര്യം. അവരെ ദേശീയ ജീവിതത്തിന്റെ മുഖ്യധാരയില്‍ അലിയിച്ചു ചേര്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. കേരളത്തിലെ മത്സ്യ പ്രവര്‍ത്തക സംഘത്തെയും അദ്ദേഹം ഇതേ മനോഭാവത്തോടെ കണ്ടു. ഇന്നത് ഒരു അഖില ഭാരതീയ സംഘടനയുടെ ഭാഗമാണ്. സമൂഹത്തിലെ ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനം കൊണ്ട് അദ്ദേഹത്തിന് രണ്ടു ലക്ഷ്യമുണ്ടായിരുന്നു. അവരുടെ വ്യവസായത്തിനും സംസ്കാരത്തിനും സംരക്ഷണം. അതായിരുന്നു ആദ്യ ലക്ഷ്യം. രണ്ടാമത്തെ കാര്യം അവരെ ദേശീയ ജീവിതത്തിന്റെ മുഖ്യധാരയില്‍ ലയിപ്പിക്കുക എന്നതാണു. ഇപ്പോള്‍ നാം കാണുന്നത് ദുര്‍ബ്ബലരെ കൂടുതല്‍ ദുര്‍ബ്ബലരാക്കുന്ന വോട്ട് ബാങ്ക് രാഷ്‌ട്രീയമാണല്ലോ. അവര്‍ എന്നും ആരുടെയെങ്കിലും അടിമകള്‍. എന്നാല്‍, കര്മ്മ പദത്തിലേക്ക് വികസിച്ച ദേവറസ്ജിയുടെ ആ ചിന്ത എത്രയോ ഉദാത്തം!

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘ പ്രവര്‍ത്തനം വളരേണ്ടതിന്റെ ആവശ്യകത ദേവറസ്ജി മനസ്സിലാക്കി.ആ പ്രദേശങ്ങള്‍ അന്ന് വിഘടനവാദത്തിന്റെ ഈറ്റില്ലങ്ങള്‍ ആയിരുന്നു. വെടിയൊച്ചകള്‍ മാത്രം പതിവ് . നിരവധി പ്രചാരകന്‍മാര്‍ നാഗാലാണ്ട്, മിസോറം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ത്രിപുര, അസ്സം, മേഘാലയ സംസ്ഥാനങ്ങളിലേക്ക് അയക്കപ്പെട്ടു. പ്രതികൂല കാലാവസ്ഥായോടും സായുധരായ വിഘടനതീവ്രവാദികളോടും മല്ലിട്ട് അവര്‍ പ്രവര്‍ത്തിച്ചു. പലരും ബലിദാനികളായി. പലരെയും കാണാതായി, പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഒരറിവും ഇല്ല. എന്നിട്ടും സംഘപ്രവര്‍ത്തണം മുന്നോട്ട് പോയി. അവിടങ്ങളിലെ ജനതയെ രാഷ്‌ട്ര ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതില്‍ സംഘത്തിന് തൃപ്തികരമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞു. വനവാസി കല്യാണ്‍ ആശ്രമം, വിശ്വ ഹിന്ദു പരിഷത്ത്, അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത്, ബിജെപി എന്നീ പ്രസ്ഥാനങ്ങള്‍ ഇവിടെ ശക്തമായി വളര്‍ന്നു. ഇന്ന് ആ സംസ്ഥാനങ്ങളില്‍ കാണുന്ന ദേശീയതയില്‍ അധിഷ്ഠിതമായ രാഷ്ടീയമുന്നേറ്റങ്ങള്‍ ആ വളര്‍ച്ചയുടെ തെളിവുകളാണ്. ആ മേഖലയില്‍ പ്രവര്‍ത്തിച്ച പ്രചാരകരില്‍ നല്ലൊരു ഭാഗം കേരളത്തില്‍ നിന്നുള്ളവരായിരുന്നു എന്നത് ശ്രദ്ധേയം. അതില്‍ കേരളത്തിന് അഭിമാനിക്കാം. ആ സസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട ഉത്തര-പൂര്‍വ ക്ഷേത്ര പ്രചാരക പ്രമുഖ് കേരളീയനായ അശോക്ജിയാണ്. മൂന്നിലധികം പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ പ്രവര്‍ത്തന ക്ഷേത്രം അവിടെയാണ്.

സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മന്ത്രം

വിശാലമായ ഹിന്ദു സമാജത്തെ സംഘടിപ്പിക്കുമ്പോള്‍ സാമൂഹ്യ സാഹോദര്യം എന്ന ശൈലിയില്‍ ദേവറസ്ജി ഉറച്ചു നിന്നു. സമാജത്തിലെ മുഴുവന്‍ വിഭാഗങ്ങളും സമന്വയത്തോടെ ജീവിക്കുന്ന കാലഘട്ടമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. രാഷ്‌ട്രീയ രംഗത്തും അതേ സാഹോദര്യം അദ്ദേഹം ആശിച്ചു. അദ്ദേഹത്തിന്റെ മഹത്തായ സ്വപ്നം രാഷ്‌ട്രത്തിന്റെ ‘പരമ വൈഭവം’ മാത്രമായിരുന്നു. അദ്ദേഹം ഭാരതീയ ജനസംഘത്തിന്റെയും ജനത പാര്‍ട്ടിയുടെയും ഭാരതീയ ജനതാ പാര്‍ട്ടിയുടെയും വളര്‍ച്ചയെ ആകാംഷയോടെ ആഗ്രഹിച്ചു. ജനസംഘം സംഘത്തോടൊപ്പം നീന്തി. ജനതാ പാര്ട്ടി (1977) സംഘത്തോട് സഹകരിച്ചു. ബിജെപി ഇപ്പോഴും സംഘത്തോടൊപ്പം നീന്തിക്കൊണ്ടിരിക്കുന്നു. ആവശ്യം വരുന്ന ഘട്ടങ്ങളില്‍ അവരെ ഉപദേശിക്കാന്‍ ദേവറസ്ജി മടിച്ചില്ല. പക്ഷേ അവരെ സംഘത്തിന്റെ ചിറകിന്നടിയില്‍ ഒതുക്കി നിര്‍ത്തുന്ന താന്‍പോരിമ അദ്ദേഹത്തിന് അന്യമായിരുന്നു. അവരുടെ വക്താവാകാന്‍ അദ്ദേഹം ശ്രമിച്ചില്ല. ദേശീയവും സാമാജികവുമായി പ്രാധാന്യമുള്ള കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതില്‍ നിന്നു സ്വയംസേവകര്‍ നിയന്ത്രിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് അദ്ദേഹത്തെ തടയാന്‍ കഴിഞ്ഞില്ല. അടിയന്തിരാവസ്ഥയുടെ കരിദിനങ്ങള്‍ക്ക് ശേഷം അധികാരത്തില്‍ വന്ന ജനതാ പാര്ട്ടി സര്ക്കാര്‍ ‘മൈനോറിറ്റി കമ്മീഷന്‍’ രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ദേവറസ്ജിയുടെ പ്രതികരണം അങ്ങേയറ്റം മുന്‍ കരുതലും ദീര്‍ഘവീക്ഷണവും നിറഞ്ഞതായിരുന്നു. രാജ്യത്തിനാവശ്യമായത് ‘മനുഷ്യാവകാശ കമ്മീഷന്‍’ ആണ് എന്നതായിരുന്നു ആ ശ്രദ്ധാപൂര്‍ണ്ണമായ പ്രതികരണം. സാമൂഹ്യ സമരസതയ്‌ക്കും സാമൂഹ്യ സാഹോദര്യത്തിനും മുന്‍ തൂക്കം കൊടുക്കുന്ന ഒരു രാജ്യതന്ത്രജന്റെ വാക്കുകളായിരുന്നു അവ. അതിനു രണ്ടു മാനങ്ങള്‍ ഉണ്ടായിരുന്നു: ഏതെങ്കിലും വിഭാഗത്തെ ന്യൂനപക്ഷമായി പ്രഖ്യാപിച്ചാല്‍ അവര്‍ അതോടെ അവര്‍ മനശാസ്ത്രപരമായി ദേശീയ ജീവിതത്തിന്റെ മുഖ്യധാരയില്‍ നിന്നു അകന്നു പോകും. കൂടാതെ, ആ കാലത്തിനു ഒരു പ്രത്യേകത ഉണ്ടായിരുന്നു: അടിയന്തിരാവസ്ഥക്കാലത്തെ ഫാസിസ്റ്റ് ഏകാധിപത്യം, മൃഗീയ പോലീസ് ഭീകരത, ക്രൂരമായ അടിച്ചമര്‍ത്തല്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, മൗലികാവശങ്ങളുടെ സസ്പെന്‍ഷന്‍ അപരിഷ്കൃതമായ പത്രമാരണ നിയമങ്ങള്‍ എന്നിവയുടെ ഓര്‍മ്മകള്‍ അന്തരീക്ഷത്തില്‍ അന്നും (1977) നിലനിന്നിരുന്നു. നീയമവിരുദ്ധമായ സംഘ നിരോധനത്തിന്റെ ഭീകര ഓര്‍മ്മകള്‍ നിലനിന്നിരുന്നു. മനുഷ്യാവകാശങ്ങള്‍ അടിച്ചമര്‍ത്തിയ അടിയന്തിരാവസ്ഥ പിന്‍വലിക്കപ്പെട്ടിട്ട് മാസങ്ങള്‍ മാത്രം. അതുകൊണ്ട് നേര്‍ വഴിക്കു ചിന്തിക്കുന്ന ഏതൊരു നേതാവിന്റെയും ആദ്യ പരിഗണന മനുഷ്യാവകാശ സംരക്ഷണം തന്നെ ആയിരിക്കും. തീര്‍ച്ചയായും, സമൂഹം പൊതുവായി നേരിടുന്ന ഒരു പ്രശനത്തിന് പരിഹാരം കണ്ടെത്തുക എന്നത് തന്നെ ആയിരിയ്‌ക്കും സാമൂഹ്യ സമരസതയ്‌ക്ക് ആക്കം കൂട്ടുക. ഇതിനെല്ലാം ഉപരി, ഭാരതത്തില്‍ ന്യൂനപക്ഷ സംരക്ഷണം ഭരണഘടനയുടെ സംഭാവന അല്ല, മറിച്ചു ഹിന്ദുസമാജം ഉയര്‍ത്തിപ്പിടിക്കുന്ന “സര്‍വ ധര്‍മ്മ സമ ഭാവന”യാണ് ആ മഹത്തായ ദൗത്യം നിര്‍വഹിക്കുന്നത്. രാഷ്ടീയത്തിനതീതമായി ജനങ്ങളെ സംഘടിപ്പിക്കുക എന്നതായിരുന്നു ദേവറസ്ജിയുടെ മുഖ്യ താല്‍പ്പര്യം. പക്ഷേ. ഈ മഹത്തായ ലക്ഷ്യം നേടാന്‍ പ്രീണന നയം എന്നത് അദ്ദേഹത്തിന്റെ മാര്‍ഗ്ഗമേ അല്ലായിരുന്നു. അദ്ദേഹം ഒരിയ്‌ക്കലും ‘കൂന്താലിയെ പനിനീര്‍ പുഷ്പം’ എന്നു വിളിച്ചില്ല.

അടിയന്തിരാവസ്ഥ വിരുദ്ധ സമരത്തിന്റെ നായകന്‍

എല്ലാ മര്‍ദനമുറകളും ഫാസിസ്റ്റ് അടിച്ചമര്‍ത്തലുകളും മനുഷ്യാവകാശ ധ്വംസനങ്ങളും അനുഭവിക്കേണ്ടി വന്ന പ്രസ്ഥാനമായ ആര്‍എസ്എസ്സിന്റെ പരമോന്നത നേതാവായിരുന്നു ദേവറസ്ജി. അടിയന്തിരാവസ്ഥക്കാലത്തു, 1975 ജൂണ്‍ 30 മുതല്‍ അടിയന്തിരാവസ്ഥ പിന്‍വലിക്കുന്നത് വരെ 1977 മാര്‍ച്ച് 22 വരെ അദ്ദേഹം ജയില്‍ വാസം അനുഭവിച്ചു. എന്നാല്‍, അടിയന്തിരാവസ്ഥയും നിയമവിരുദ്ധ സംഘ നിരോധനവും പിന്‍വലിച്ചപ്പോള്‍ പതിനായിരങ്ങള്‍ പങ്കെടുത്ത സ്വീകരണങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും ഏറ്റു വാങ്ങുമ്പോഴും അദ്ദേഹത്തിന് സമനില തെറ്റിയില്ല. കനത്ത യുദ്ധത്തിലെ വിജയം ഏത് സൈന്യാധിപനിലും ധാര്‍ഷ്ട്യം ഉണ്ടാക്കുമെന്നതാണല്ലോ പൊതുവേ കാണുന്ന ലോകനീതി. പക്ഷേ, സ്വയംസേവകരോടും ആ മഹാസമരത്തില്‍ പങ്കെടുത്ത എല്ലാവരോടും ആ മഹാനായ നേതാവിന്റെ ഉപദേശം “മറക്കുക, പൊറുക്കുക” എന്നായിരുന്നു. ചിലര്‍ക്ക് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. ജനങ്ങള്‍ പ്രതീക്ഷിച്ചത് ഇന്ദിരക്കെതിരെ കൊലവിളി നടത്തുന്ന ഒരു പ്രതിഹാരദാഹിയായ നേതാവിനെ ആയിരുന്നു. ആര്‍എസ്എസ്സിന്നെതിരെ എല്ലാ തരത്തിലും ഉള്ള ഫാസിസ്റ്റ് അടിമര്‍ത്തലുകള്‍ക്കും നേതൃത്വം കൊടുത്ത, ആയിരങ്ങളെ ജയിലില്‍ അടച്ച, നിരവധി പ്രവര്‍ത്തകരുടെ മരണത്തിന് ഇട വരുത്തിയ, നൂറു കണക്കിനു ആളുകളെ ജീവശ്ചവങ്ങളാക്കിയ ഭരണകൂട ഭീകരതയുടെ നേതാവായിരുന്നല്ലോ ഇന്ദിര. എന്നാല്‍ ദേവറസ്ജിയെ ശരിക്കും മനസ്സിലാക്കിയിട്ടുള്ള സ്വയംസേവകര്‍ക്ക് യാതൊരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല. അവര്‍ ഹൃദയത്തിന്റെ ഉള്ളറകളില്‍ സംഘത്തിന്റെ പാവനമായ ആദര്‍ശം ഉള്‍ക്കൊണ്ടവരായിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി ചരണ്‍ സിംഗ് ദേവറസ്ജിയോട് പറഞ്ഞത് താന്‍ ഒരിയ്‌ക്കലും ഇന്ദിരയോട് പൊറുക്കില്ല എന്നാണ്. എന്നാല്‍ അദ്ദേഹം ചരണ്‍ സിങ്ങിന് നല്കിയ മറുപടി ഏതൊരു യഥാര്‍ത്ഥ സാമൂഹ്യസേവകനും ഹൃദയത്തില്‍ കൊണ്ട് നടക്കേണ്ടതാണ്: “നോക്കൂ, നാമെല്ലാം സാമൂഹ്യപ്രവര്‍ത്തകരാണ്. താങ്കള്‍ ഭരണത്തിലുള്ള മന്ത്രിയാണ്. ജനമനസ്സുകളില്‍ ക്ഷമയുടെ ഗുണം ഊട്ടിഉറപ്പിക്കേണ്ടവരാണ് നമ്മെ പോലുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍”. എല്ലാ സാമൂഹ്യപ്രവര്‍ത്തരും മനസ്സിന്റെ ഉള്ളറകളില്‍ എഴുതി സൂക്ഷിക്കേണ്ട ഉജ്ജ്വല വാക്യം. അത് ഒരു ദുര്‍ബലന്‍റെ രോദനമല്ലായിരുന്നു. മറിച്ചു അത് ഒരു ചാമ്പ്യന്റെ ശക്തമായ പ്രഖ്യാപനമായിരുന്നു.

 

“ശരിയായ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാകാന്‍ കഴിയുന്നവർ” കാര്യം ശരിയായി തന്നെ മനസ്സിലാക്കി. എന്നാല്‍, ജനതാ പാര്‍ട്ടിയിലും സര്‍ക്കാരിലും ഉണ്ടായിരുന്ന ചിലര്‍ ഒരു വാശി എന്ന പോലെ, പ്രതിഹാരദാഹത്താല്‍ ഇന്ദിരയെയും മകനെയും അറസ്റ്റ് ചെയ്തു; റൂള്‍ ബുക്കോ ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടോ എന്നിവ മറിച്ചു നോക്കാന്‍ പോലും ചെയ്യാതെയുള്ള നടപടി. തുടര്‍ന്നുണ്ടായ സഹാനുഭൂതി ഭംഗിയായി ചൂഷണം ചെയ്യാന്‍ കുശാഗ്രബുദ്ധിയായ ഇന്ദിര എന്ന രാഷ്‌ട്രീയക്കാരിക്കു കഴിഞ്ഞു. അവര്‍ കൂടുതല്‍ ശക്തിയായി. കൂടുതല്‍ കരുത്താര്‍ജിച്ച അവര്‍ ജനതാ പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പുണ്ടാക്കുന്നതില്‍ വിജയിച്ചു. ഫലമോ ? സര്ക്കാര്‍ നിലം പതിച്ചു. ഇന്ദിര 1980ല്‍ കൂടുതല്‍ കരുത്തോടെ അധികാരത്തില്‍ വന്നു. ജനതാ പാര്‍ട്ടിയുടെ കരുത്തും ക്ഷീണവും എന്ത് എന്ന് ദേവറസ്ജി ശരിക്കും മനസ്സിലാക്കിയിരുന്നു. അത് കൊണ്ടാണ് തക്കസമയത്ത് തന്നെ അദ്ദേഹം ശരിയായ ഉപദേശം നല്കിയത്.

രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടിയുള്ള ശ്രമം

ദേവറസ്ജി സംഘര്‍ഷത്തില്‍ താല്‍പ്പര്യമില്ലാത്ത വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ മാര്‍ഗം സാഹോദര്യവും സമന്വയവുമായിരുന്നു. താന്‍ നയിക്കുന്ന പ്രസ്ഥാനവും അങ്ങിനെ തന്നെ ആകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. 1980കളില്‍ പഞ്ചാബില്‍ നടമാടിയ ഖലീസ്ഥാന്‍ ഭീകരവാദവും കൊലപാതകങ്ങളും സ്ഫോടനങ്ങളും നമുക്ക് മറക്കാറായിട്ടില്ല. ഭീകരവാദികള്‍ക്ക് പാക്കിസ്ഥാന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നു. അവരുടെ ലക്ഷ്യം ഒരു ഹിന്ദു-സിഖ് സംഘര്‍ഷം ഉണ്ടാക്കി പഞ്ചാബിനെ ഭാരതത്തില്‍ നിന്നു അടര്‍ത്തി മാറ്റുക എന്നതായിരുന്നു. ആര്‍എസ്എസ്സിനെ പ്രകോപിപ്പിച്ചുകൊണ്ട് സംഘര്‍ഷങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ട് വന്നു കൊണ്ട് രക്തചൊരിച്ചില്‍ ഉണ്ടാക്കിയാല്‍ മാത്രമേ തങ്ങളുടെ ഉദ്ദേശ്യം നിറവേറുകയുള്ളൂ എന്നു പാകിസ്താനും ഖാലിസ്താനും മനസ്സിലാക്കിയിരുന്നു. അതിസങ്കീര്‍ണ്ണമായ പ്രശ്നങ്ങളെ അതിവേഗം വിലയിരുത്തി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഒരു മാസ്റ്റര്‍ ആയ ദേവറസ്ജി ഗൂഡാലോചനയുടെ മര്‍മ്മം മനസ്സിലാക്കി. ആ ഗൂഡാലോചനയുടെ ഭാഗമായി ഖാലിസ്ഥാന്‍ ഭീകര വാദികള്‍ 1989 ജൂണ്‍ 25നു മോഘയിലെ ഒരു സംഘശാഖ ആക്രമിക്കുകയും കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ 27 സ്വയംസേവകരെ കൂട്ടക്കൊല ചെയ്തു. ആ സംഭവം ലോകമെമ്പാടും, ജീവിച്ചിരുന്ന സ്വയംസേവകരെ തീവ്രവേദനയിലാഴ്‌ത്തി. അന്നത്തെ പഞ്ചാബ് പ്രാന്ത് പ്രചാരകന്റെ അച്ഛനും മുന്‍പ്രചാരകനുമായ ഒരു മുതിര്‍ന്ന വ്യക്തിത്വവും ഖാലിസ്ഥാന്‍ തീവ്രവാദികളുടെ ബുള്ളെറ്റിന് ഇരകളായവരില്‍ ഉള്‍പ്പെടുന്നു. പക്ഷേ സ്വയംസേവകര്‍ ആത്മനിയന്ത്രണം പാലിച്ചു. പാക്കിസ്ഥാന്റെയും ഖാലിസ്ഥാന്‍ വാദികളുടെയും രാജ്യത്തെ അട്ടിമറിക്കാന്‍ കച്ചകെട്ടിയിറങ്ങിയ വിദേശ ശക്തികളും ആഗ്രഹിച്ചത് ഒരു ഹിന്ദു തിരിച്ചടി ആയിരുന്നു. അവരുടെ കിരാതമായ ലക്ഷ്യം നേടാന്‍ അവര്‍ക്കത് വേണമായിരുന്നു. പക്ഷേ, സമര്‍ത്ഥനും ബുദ്ധിമാനുമായ ദേവറസ്ജി സ്വയംസേവകര്‍ക്ക് കൊടുത്ത നിര്‍ദേശം പ്രതികാരനടപടികള്‍ പാടില്ല എന്നതായിരുന്നു. അസംഖ്യം സ്വയംസേവകര്‍ പഞ്ചാബില്‍ സ്വജീവിതങ്ങള്‍ ബലിദാനം ചെയ്തു. പക്ഷേ, ദേശവിരുദ്ധ ശക്തികളുടെ സ്വപ്നം പൂവണിഞ്ഞില്ല. ഹിന്ദു-സിഖ് ലഹളകള്‍ ഒന്നും റിപ്പോര്‍ട് ചെയ്യപ്പെട്ടില്ല. എല്ലാം തന്നെ ഏകപക്ഷീയമായ ആക്രമങ്ങളായിരുന്നു. പഞ്ചാബ് ഇന്നും ഭാരതത്തിന്റെ അവിഭാജ്യ ഘടകമായി തുടരുന്നു. ആര്‍എസ്എസ്സ് ഇല്ലായിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. എന്തു വിലകൊടുത്തും ‘സാമൂഹ്യ സമരസത നേടുക, അത് വഴി രാഷ്‌ട്രത്തെ ശക്തമാക്കുക’ എന്നതായിരുന്നു ദേവറസ്ജിയുടെ പ്രവര്‍ത്തന ശൈലി.

ആ സമഗ്ര ശൈലിയുടെ ഭാഗമായി ദേവറസ്ജി എല്ലാ സംസ്ഥാനങ്ങളിലും നിന്നും പ്രചാരകന്മാരെ പഞ്ചാബിലേക്ക് അയച്ചു. ഭീകര പ്രവര്‍ത്തനങ്ങളെയും കൊലപാതകങ്ങളേയും അതിജീവിച്ചുകൊണ്ടു ആ അന്യസംസ്ഥാന പ്രചാരകന്‍മാര്‍ സംഘപ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോയി. രാഷ്‌ട്രീയ സിഖ് സംഘടന്‍ എന്ന സംഘടന 1986ല്‍ തുടങ്ങി. ഹിന്ദു-സിഖ് സാഹോദര്യമായിരുന്നു പ്രസ്തുത സംഘടനയുടെ ലക്ഷ്യം. ആ സംഘടനയില്‍ നിന്നും പ്രചോദനം സ്വീകരിച്ച ചിലര്‍ ചേര്‍ന്ന് പിന്നീട് മുസ്ലിം രാഷ്ടീയ മഞ്ച് എന്ന സംഘടനയും രൂപീകരിച്ചു. നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ മുസ്ലിം സഹോദരി-സഹോദരന്മാരെ ദേശീയജീവിതത്തിന്റെ മുഖ്യധാരകളില്‍ നിന്നു അകറ്റി നിര്‍ത്തുകയായിരുന്നെങ്കിലും ആ അവസ്ഥ മാറ്റുകയായിരുന്നു മഞ്ചിന്റ്റെ സ്ഥാപനോദ്ദേശ്യം. അതേ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ തന്നെയാണ് അയോദ്ധ്യ, ഐഎസ്, പൊതു സിവില്‍ കോഡ് ഈ വിഷയങ്ങള്‍ കുത്തിപ്പൊക്കി അരാജകത്വം സൃഷ്ടിക്കാന്‍ നോക്കുന്നത്.

ദേവറസ്ജിയുടെ ദേഹാന്തം കഴിഞ്ഞു മൂന്നു പതിറ്റാണ്ടാവാറായി. എങ്കിലും പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഭഗീരഥശ്രമത്തിലാണ്. ഇത് തെളിയിക്കുന്നത് സംഘ പ്രവര്‍ത്തരുടെ മേല്‍ അദ്ദേഹത്തിനുള്ള ആദര്‍ശപരമായ നിയന്ത്രണ ശക്തിയാണ്.

ഇരിക്കുന്നവർ : അപ്പാജി ജോഷി, ഡോക്റ്റർജി, ഗുരുജി, ബുബൻ റാവു പണ്ഡിറ്റ്‌ജി. നിൽക്കുന്നവർ : വിത്തൽ റാവു പാദ്ക്കിജി, ബാലാ സാഹെബ്‌ ദേവറസ്ജി

അടിയന്തിരാവസ്ഥക്കെതിരെ സംഘം സംഘടിപ്പിച്ച ഐതിഹാസിക സമരത്തെ കുറിച്ച് കൂടി പരാമര്‍ശിച്ചില്ലെങ്കില്‍ അത് ബാലാസാഹേബ് ദേവറസ് എന്ന സര്‍സംഘചാലകിനോട് ചെയ്യുന്ന അനീതിയും അനാദരവുമായിരിയ്‌ക്കും. 1975 ജൂണ്‍ 25 അര്‍ദ്ധരാത്രി ഫാസിസ്റ്റ് ഇന്ദിര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ദേവറസ്ജി ജൂണ്‍ 30നു നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചു അറസ്റ്റ് ചെയ്യപ്പെട്ടു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ തന്റെ സംഘടനയെ കാത്തിരിക്കുന്നത് എന്താണെന്ന് ആ ക്രാന്തദര്‍ശിയായ സര്‍സംഘചാലക് മനസ്സിലാക്കി. അതുകൊണ്ടു അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് മൂന്നു കത്തുകള്‍ തയ്യാറാക്കി. ഇന്ദിര കൂടുതല്‍ ഏകാധിപത്യ മാര്‍ഗത്തിലേക്ക് നീങ്ങിയാല്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചായിരുന്നു ആ കത്തുകള്‍. ഫാസിസ്റ്റ് ഇന്ദിരയ്‌ക്കെതിരെ സമാധാന സമര മുറകള്‍ വിജയിക്കുമോ എന്നതിനെ കൂര്‍ച്ച് മുതിര്‍ന്ന ചുമതലകള്‍ വഹിച്ചിരുന്ന ചിലര്‍ക്കും ചില സ്വയംസേവകര്‍ക്കും ധാരാളം സംശയങ്ങള്‍ ഉണ്ടായിരുന്നു. സമര്‍ത്ഥരായ ചില സ്വയംസേവകര്‍ ജയിലില്‍ കഴിയുന്ന പ്രവര്‍ത്തകരും നേതാക്കളുമായി ‘ചാനലുകള്‍’ സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ആ കാലത്ത് പ്രത്യക്ഷത്തില്‍ സജീവ പ്രവര്‍ത്തകരല്ലാത്ത ചില സ്വയംസേവകരുടെയും ഇന്ദിരയുടെ ഫാസിസ്റ്റ് പ്രവൃത്തികള്‍ വെറുത്തിരുന്ന ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ആയിരുന്നു അത് സാധിച്ചത്. സ്വീകരിക്കേണ്ട സമരമാര്‍ഗങ്ങളെ കുറിച്ച് സംഘ നേതൃത്വത്തിന് ദേവറസ്ജിയില്‍ നിന്നു വ്യക്തമായ മാര്‍ഗനിര്‍ദേശം കിട്ടി. ഭാരതീയര്‍ അഹിംസാത്മകസമരമാര്‍ഗങ്ങള്‍ മാത്രമേ സ്വീകരിക്കൂ എന്നതായിരുന്നു അദ്ദേഹം കൈമാറിയ സൂചന. ബാക്കിയുള്ളത് ചരിത്രമാണല്ലോ. സംഘം ദേശവ്യാപകമായി സമാധാനസത്യാഗ്രഹം സംഘടിപ്പിച്ചു. ലക്ഷക്കണക്കിനു സത്യാഗ്രഹികള്‍ നാസീ തടവറകളെ ഓര്‍മ്മിപ്പിക്കുന്ന ക്രൂരമായ മര്‍ദ്ദനമുറകള്‍ സഹിച്ചു. പക്ഷേ, അവര്‍ യാതൊരു വിധത്തിലും തിരിച്ചടിച്ചില്ല. പലരും മരിച്ചു. ആയിരക്കണക്കിന് പേര്‍ നിത്യരോഗികളായി. ഇന്ദിരക്കു പിടിച്ച് നില്ക്കാന്‍ വയ്യാത്ത അവസ്ഥ വന്നാല്‍ 4 ലക്ഷം വരുന്ന സോവിയറ്റ് സൈന്യത്തെ അയച്ചു കൊടുക്കാന്‍ സോവിയറ്റ് കമ്യൂണിസ്റ്റ് ജനറല്‍ സെക്രെട്ടറി ലിയോനിഡ് ബ്രെഷ്നേവ് തയ്യാറായിരുന്നു എന്നു ആ കാലത്ത് ചില സിപിഐ നേതാക്കള്‍ സ്വകാര്യ സംഭാഷണങ്ങളില്‍ പറഞ്ഞിരുന്നു എന്ന് ഈ ലേഖകന്‍ ഓര്‍ക്കുന്നു.

അടിയന്തിരാവസ്ഥയും സംഘനിരോധനവും പിന്‍ വലിക്കപ്പെട്ടതീന് ശേഷം സര്‍സംഘചാലക് ബാലാസാഹേബ് ദേവറസ് 12.5.1977 നു കൊച്ചിയില്‍ വന്നപ്പോള്‍. കൂടെയുള്ളത് അന്നത്തെ കൊച്ചി മേയര്‍ കൂടിയായിരുന്ന സ്വീകരണ കമ്മിറ്റീ ചെയര്‍മാന്‍ എ.കെ. ശേഷാദ്രി. പിന്നില്‍ L/R: സ്വര്‍ഗീയ വി. രാധാകൃഷ്ണ ഭട്ട്ജി, സ്വര്‍ഗീയ വൈക്കം ഗോപകുമാര്‍,പി കെ വിജയരാഘവൻ, ആര്‍, രവീന്ദ്രന്‍, ടി. സതീശന്‍

അങ്ങിനെ ദേവറസ്ജിയുടെ പ്രവാചകതുല്ല്യ ദീര്‍ഘവീക്ഷണം രാജ്യത്തെയും സംഘത്തെയും വന്‍ ദുരന്തങ്ങളില്‍ നിന്നു രക്ഷിച്ചു. മറിച്ചായിരുന്നു എങ്കില്‍ എന്തു സംഭവിക്കുമായിരുന്നു ! ഇത് ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠമാണ്. മൂന്നാം ലോക രാജ്യങ്ങളില്‍ കാണുന്ന രാഷ്‌ട്രീയ അനിശ്ചിതത്വവും അരാജകത്വവും ഭാരതത്തെ ഗ്രസിച്ചില്ലെങ്കില്‍ അതിനുള്ള ക്രെഡിറ്റ് പോകുന്നത് ദേവറസ്ജിക്കു തന്നെ.
സംശയം വേണ്ട, ബാലസാഹേബ് ദേവറസ്, ഡോ. ഹെഡ്ഗേവാറിനും ഗുരുജി ഗോല്‍വല്‍ക്കറിനും അനുയോജ്യനായ ഒരു പിന്‍ഗാമി തന്നെ. ഇരുവരുടെയും ആദര്‍ശാത്മകമായ ചിന്തകളുടെ പ്രയോഗവല്‍ക്കരണമായിരുന്നു ദേവറസ്ജി ചെയ്തത്, അതായത് ഒരു “അപ്ലൈഡ് ആര്‍എസ്എസ്”.

എഴുതിയത് ടി സതീശൻ

Tags: Rashtriya Swayamsevak SanghSarsanghchalakMadhukar Dattatraya Deoras
ShareTweetSendShare

More News from this section

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies