ഇസ്ലാമാബാദ്: 1999ലെ കാർഗിൽ യുദ്ധത്തെ അനുകൂലിക്കാത്തതിനാലാണ് സൈനിക മേധാവിയായ പർവേസ് മുഷ്‌റഫ് തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കിയതെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. മൂന്ന് തവണ താൻ അധികാരത്തിൽ എത്തിയെങ്കിലും തുടരാനായി പർവേസ് മുഷറഫ് അനുവദിച്ചില്ല. 1993ലും 1999ലും താൻ പുറത്താകാൻ കാരണം ഇതായിരുന്നുവെന്നും നവാസ് ഷെരീഫ് പറഞ്ഞു.
തന്റെ ഭരണകാലത്ത് മാത്രമാണ് ഇന്ത്യൻ പ്രധാനമന്ത്രിമാർ ലാഹോർ സന്ദർശിച്ചതെന്നും പാക് മുൻ പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി. ഇന്ത്യ ഉൾപ്പടെയുള്ള അയൽരാജ്യങ്ങളുമായി രമ്യതയിലെത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു നവാസ് ഷെരീഫിന്റെ വാക്കുകൾ. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കേണ്ടതുണ്ടെന്നും തന്റെ പാർട്ടി പ്രവർത്തകരോട് അദ്ദേഹം സൂചിപ്പിച്ചു.
അതിർത്തി രാജ്യങ്ങൾ സമ്പന്നതയിലേക്ക് ഉയരുമ്പോൾ പാകിസ്താൻ കടക്കെണിയിൽ ഉഴലുന്നു. യാതൊരു മുൻ പരിചയവുമില്ലാത്ത ഇമ്രാൻ ഖാനെ പ്രധാനമന്ത്രിയാക്കിയത് രാജ്യത്തെ കടക്കണിയിലാക്കിയെന്നും നവാസ് ഷെരീഫ് പറഞ്ഞു.















