അമരാവതി: വിശാഖപട്ടണം സിംഹാചലം അമൃത് റെയിൽവേ സ്റ്റേഷന്റെ പുനർവികസന പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാന സന്ദർശനവേളയിലാണ് കേന്ദ്രമന്ത്രി പദ്ധതികൾ അവലോകനം ചെയ്തത്. 19.8 കോടി രൂപ ചിലവിലാണ് പുനർവികസന പദ്ധതികൾ നടപ്പിലാക്കുന്നത്. സിംഹാചലം സ്റ്റേഷൻ ‘അമൃത് സ്റ്റേഷൻ’ ആയി പുനർവികസനം ചെയ്യാനാണ് പദ്ധതിയിടുന്നതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
സിംഹാചലം ശ്രീ വരാഹ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ അശ്വിനി വൈഷ്ണവ് ദർശനം നടത്തി. ക്ഷേത്ര ദർശനത്തിന് ശേഷമാണ് കേന്ദ്രമന്ത്രി റെയിൽവേ സ്റ്റേഷനിലെത്തി വികസന പദ്ധതികളുടെ തുടർ നടപടികൾ വിലയിരുത്തിയത്. കേന്ദ്രസർക്കാർ രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്ന് അശ്വിനി വൈഷ്ണവ് അവലോകന യോഗത്തിൽ പറഞ്ഞു.
15 സ്റ്റേഷനുകൾ അമൃത് സ്റ്റേഷനുകളായി പുനർവികസിപ്പിച്ചു. കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ രാജ്യത്തിന് സമർപ്പിക്കുന്നതായിരിക്കും. റെയിൽവേ വികസനം രാഷ്‌ട്രീയമായി കാണരുത്. രാജ്യത്ത് 5ജി മൊബൈൽ സേവനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള നടപടികൾ നടക്കുകയാണ്. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്‌ട്രമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിജ്ഞാബദ്ധത നിറവേറുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.















