ന്യൂഡൽഹി: കോൺഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത കണക്കിൽ പെടാത്ത പണത്തിന്റെ മൂല്യം 300 കോടി കവിയുമെന്ന് റിപ്പോർട്ട്. ഒറ്റ ഓപ്പറേഷനിൽ ഒരു അന്വേഷണ ഏജൻസി നടത്തുന്ന ഏറ്റവും വലിയ കള്ളപ്പണ വേട്ടയാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ നേരത്തെ പറഞ്ഞിരുന്നു. ബുധനാഴ്ച ആരംഭിച്ച റെയ്ഡിൽ പിടിച്ചെടുത്ത പണം ഇനിയും പൂർണമായും എണ്ണിത്തീരാത്ത സാഹചര്യമാണുളളത്.
ഒഡീഷയിലെ ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ടാണ് കൂടുതൽ പണവും കണ്ടെടുത്തിരിക്കുന്നത്. ഇരുന്നൂറോളം ബാഗുകളിലായാണ് പിടിച്ചെടുത്ത പണം സൂക്ഷിച്ചിരിക്കുന്നത്. ഇവയിൽ ചില ബാഗുകളിൽ ഉള്ള പണമാണ് ഇനിയും എണ്ണിത്തിട്ടപ്പെടുത്താനുള്ളത്. നോട്ടുകൾ എണ്ണിത്തീർക്കുന്ന നടപടികൾ വേഗത്തിലാക്കാൻ ആദായനികുതി വകുപ്പ് 40 യന്ത്രങ്ങളാണ് എത്തിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളിലെ ജീവനക്കാരും ബാങ്ക് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. പിടിച്ചെടുത്ത പണം സംസ്ഥാനത്തെ സർക്കാർ ബാങ്കുകളിലേക്ക് എത്തിക്കുമെന്നാണ് വിവരം.
ആദായനികുതി വകുപ്പിൽ നിന്നുള്ള 100ലധികം ഉദ്യോഗസ്ഥരാണ് ബൊലാംഗിർ ജില്ലയിലെ വിവിധ ഇടങ്ങളിലായി ഈ നീക്കത്തിന്റെ ഭാഗമായത്. ഇന്നലെ ധീരജ് സാഹുവിന്റെ റാഞ്ചിയിലെ വീട്ടുവളപ്പിൽ നിന്ന് മൂന്ന് ബാഗുകൾ കൂടി പിടികൂടിയിട്ടുണ്ട്. ഇയാളുടെ അടുത്ത ബന്ധുക്കളുടെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഉൾപ്പെടെ കണക്കിൽ പെടാത്ത പണം കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്തതിൽ ഭൂരിഭാവും 500 രൂപയുടെ നോട്ടുകളാണ്. വിഷയത്തിൽ ധീരജ് സാഹു ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ കോൺഗ്രസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ, ധീരജ് സാഹുവിനെ തള്ളി കോൺഗ്രസും രംഗത്തെത്തി.















