ന്യൂ ഡൽഹി: പൗരത്വ ഭേദഗതി നിയമം 2019 (സിഎഎ) യ്‌ക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ വടക്ക്-കിഴക്കൻ ഡൽഹിയിലുണ്ടായ കലാപങ്ങളെക്കുറിച്ചും അന്വേഷിക്കാനും നഷ്ടപരിഹാരം നൽകാനും ക്ലെയിം കമ്മീഷണറായി ഡൽഹി ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജി ജസ്റ്റിസ് ആഷാ മേനോനെ നിയമിച്ചു . ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയുടെ അനുമതി ലഭിച്ചതിനെത്തുടർന്ന് ഡിസംബർ 1 മുതൽ ആറ് മാസത്തേക്കാണ് ജസ്റ്റിസ് ആഷയെ ഡൽഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ നിയമിച്ചത്.
സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾക്കും തുടർന്നുണ്ടായ കലാപങ്ങൾക്കും ഇടയിലുണ്ടായ നാശനഷ്ടങ്ങൾ അന്വേഷിക്കുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനുമാണ് ക്ലെയിം കമ്മീഷണറായി ശ്രീമതി ജസ്റ്റിസ് ആഷാ മേനോനെ (റിട്ട.) നിയമിച്ചത്. 01.12.2023 മുതൽ പ്രാബല്യത്തിൽ വരുന്ന ഉത്തരവ് പിന്നീട് ആവശ്യമെങ്കിൽ ആറ് മാസത്തേക്ക് നീട്ടും. ക്ലെയിം കമ്മീഷണർ എന്ന നിലയിൽ ജസ്റ്റിസ് ആഷാ മേനോൻ തന്റെ ചുമതലകൾ നിർവഹിക്കുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങളും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമം 2019 (സിഎഎ) യ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിലാണ് 2020ൽ വടക്കുകിഴക്കൻ ഡൽഹിയിൽ രാജ്യവിരുദ്ധ കലാപം നടന്നത്.
ഫെബ്രുവരി 22 മുതൽ ഫെബ്രുവരി 26 വരെ നടന്ന അക്രമങ്ങളിൽ 53 പേർ മരിച്ചതായും 106 പോലീസ് ഉദ്യോഗസ്ഥരടക്കം 530 പേർക്ക് പരിക്കേറ്റതായും 2020 സെപ്റ്റംബറിൽ ഡൽഹി പോലീസ് ഡൽഹി കോടതിയെ അറിയിച്ചു .
ആയുധ നിയമം, യുഎപിഎ എന്നിവചുമത്തിയ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ നിരവധി കേസുകൾ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്.















