ന്യൂഡൽഹി: ബഹുജൻ സമാജ് പാർട്ടിക്ക് രാഷ്‌ട്രീയ പിൻഗാമിയെ പ്രഖ്യാപിച്ചു. പാർട്ടി ദേശീയ അദ്ധ്യക്ഷ മായാവതിയുടെ അനന്തരവൻ ആകാശ് ആനന്ദിനെയാണ് പ്രഖ്യാപിച്ചത്. സുപ്രധാന പാർട്ടി യോഗത്തിലാണ് തീരുമാനം. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആകാശ് രാഷ്‌ട്രീയ പ്രവേശനം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ബിഎസ്പിയുടെ പ്രമുഖ മുഖമായിരുന്നു ആനന്ദ്.
കുടുംബാധിപത്യത്തെ ശക്തമായി എതിർത്തിരുന്ന മായാവതി 2019-ൽ സഹോദരൻ ആനന്ദ് കുമാറിനെ പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായും അനന്തരവൻ ആകാശിനെ ദേശീയ കോ-ഓർഡിനേറ്ററാക്കുകയും ചെയ്തിരുന്നു. രാജ്യത്തുടനീളം പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചുമതല ആനന്ദിന് നൽകിയിട്ടുണ്ടെന്നാണ് ബിഎസ്പി നേതാവ് ഉദയ്‌വീർ സിംഗ് പറഞ്ഞത്.















