റായ്പൂർ: മുഖ്യമന്ത്രിയെന്ന നിലയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുക എന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്ന് നിയുക്ത ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. മുഖ്യമന്ത്രിയായി തന്നെ പ്രഖ്യാപിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചു വർഷത്തെ കോൺഗ്രസ് ഭരണത്തിന് കീഴിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ദുരിതമനുഭവിക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടെന്ന് വിഷ്ണു ദേവ് ആരോപിച്ചു. 18 ലക്ഷത്തോളം വരുന്ന ജനങ്ങൾക്കാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള വീടുകൾ നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ ജന്മദിനമായ ഡിസംബർ 25ന് കർഷകർക്കായി രണ്ട് വർഷത്തെ ബോണസ് നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ‘മോദി കി ഗ്യാരന്റി’, പ്രകാരം മുന്നോട്ടുവച്ച എല്ലാ വാഗ്ദാനങ്ങളും സർക്കാർ നിറവേറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
റായ്പൂരിൽ നടന്ന ബിജെപി യോഗത്തിന് പിന്നാലെ കേന്ദ്ര നേതൃത്വമാണ് വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. സംസ്ഥാനത്തെ വനവാസി വിഭാഗത്തിൽ നിന്നുള്ള അദ്ദേഹം ആർഎസ്എസിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്. കുങ്കുരി നിയമസഭാ മണ്ഡലത്തിൽ നിന്നുമുള്ള അംഗമാണ് അദ്ദേഹം. ആദ്യ മോദി മന്ത്രിസഭയിൽ കേന്ദ്ര സ്റ്റീൽ സഹമന്ത്രിയായിരുന്നു. അടുത്തിടെ നടന്ന ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെയായിരുന്നു ബിജെപി മത്സരിച്ചത്. 90 അംഗ നിയമസഭയിൽ 54 സീറ്റുകൾ നേടിയാണ് ബിജെപി ജയിച്ചത്.















