രാജ്യത്തെ എല്ലാ പൗരന്മാർക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ഐക്യരാഷ്‌ട്രസഭയും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും ചേർന്ന് ഡിസംബർ 12 സാർവത്രിക ആരോഗ്യ പരിരക്ഷാ ദിനമായി ആചരിക്കുന്നു. ആഗോള പുരോഗതിക്കായി സാർവത്രിക ആകെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശ്രമങ്ങൾക്ക് വേഗം കൂട്ടുവാൻ ലോകരാജ്യങ്ങളോട് ആവശ്യപ്പെടുന്ന പ്രമേയം 2012 ഡിസംബർ 12ന് ഐക്യരാഷ്‌ട്രസഭ പാസാക്കുകയുണ്ടായി. തുടർന്ന് 2014 മുതൽ ഇതിന്റെ വാർഷിക ദിനമായ ഡിസംബർ 12ന് യൂണിവേഴ്സൽ ഹെൽത്ത് കവറേജ് ദിനമായി ആചരിക്കുവാൻ തുടങ്ങി..

“എല്ലാവർക്കും ആരോഗ്യം പ്രവർത്തനത്തിനുള്ള സമയം”(Health for All , Time for Action ) എന്നതാണ് യൂണിവേഴ്സൽ ഹെൽത്ത് കവറേജ് ഡേയ് 2023 ന്റെ തീം.
സാർവത്രിക ആരോഗ്യപരിരക്ഷ എന്നത് യുണൈറ്റഡ് നേഷൻസിന്റെ 2030 ലേക്കുള്ള അജണ്ടയുടെ പ്രധാന ഭാഗമായ സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ ഒന്നാണ്. പല രാജ്യങ്ങളിലും സാമ്പത്തികവും സാമൂഹികവുമായ കാരണത്താൽ ആധുനിക ചികിത്സാ സംവിധാനങ്ങൾ പലർക്കും ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത് ഒരേ നിലവാരമുള്ള ചികിത്സ യാതൊരു വേർതിരിവും ഇല്ലാതെ എല്ലാ പൗരന്മാർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് സാർവത്രിക ആരോഗ്യപരിരക്ഷ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.ഒരു രാജ്യത്ത് സാർവത്രിക ആരോഗ്യപരിരക്ഷയുണ്ടാകും വ്യക്തികൾക്ക് മാത്രമല്ല നേട്ടങ്ങൾ ഉണ്ടാകുന്നത് മറിച്ച് സംഘടനകൾക്കും ആരോഗ്യ സംവിധാനങ്ങളിൽ കൂടുതൽ നിക്ഷേപിക്കുവാനും സുരക്ഷിതവും ആരോഗ്യകരവുമായ ജനതയെ വാർത്തെടുക്കുവാനും ഇത് സഹായിക്കുന്നു.

സാർവത്രിക ആരോഗ്യ പരിരക്ഷക്ക് ഭാരതത്തിന്റെ പരിശ്രമം
നമ്മുടെ രാജ്യത്ത് ഏറ്റവും വെല്ലുവിളി ആവശ്യത്തിന് ഡോക്ടർമാർ ഇല്ല എന്നതാണ്. ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിലും വലിയ കുറവുണ്ട് രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ ശക്തവും എല്ലാവർക്കും ലഭിക്കത്തക്ക വിധത്തിൽ ആക്കുന്നതിനുവേണ്ടി ലോകാരോഗ്യ സംഘടനയുടെ ആഗോള ലക്ഷ്യങ്ങളെ മുന്നിൽ കണ്ടു കൊണ്ട് ഭാരത സർക്കാരിന്റെ ഭാഗത്തുനിന്ന് നിരവധി ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. കുറഞ്ഞ ചിലവിൽ ആരോഗ്യസൗകര്യങ്ങൾ ഒരുക്കുന്നതിന് നിരവധി പദ്ധതികൾ കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ, ജനനീസുരക്ഷ യോജന, ഇന്ദ്രധനുഷ്, ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ഈ എസ് ഐ എസ്, സി ജി എച്ച് എസ് ,ദേശീയ ആരോഗ്യ മിഷൻ, ആയുഷ്മാൻ ഭാരത് യോജന, പ്രധാനമന്ത്രി ജന ആരോഗ്യ യോജന, എന്നിവ ഇത്തരം പദ്ധതികളാണ്..

ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജന ആരോഗ്യ യോജന
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പദ്ധതി. 2017ലെ ദേശീയ ആരോഗ്യ നയത്തിന്റെ ഭാഗമാണ് ഇത്. 2017 ലെ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് പഠനത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും പ്രധാന രോഗങ്ങളും അതിന്റെ അപകടസാധ്യതയും റിപ്പോർട്ട് ചെയ്തിരുന്നു. ഈ പഠനം ഗവൺമെന്റ് ദേശീയ ആരോഗ്യ നയത്തിൽ പ്രാധാന്യത്തോടെ ഉൾക്കൊള്ളിച്ചു. പ്രധാന ആരോഗ്യ വെല്ലുവിളിയെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ വേണ്ടി വിവിധ പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യുകയുണ്ടായി. 2018 ൽ ഇന്ത്യയുടെ യൂണിയൻ ബജറ്റിൽ ആയുഷ്മാൻ ഭാരത് യോജന ഇന്ത്യയുടെ സാർവത്രിക ആരോഗ്യ പരിരക്ഷാ പദ്ധതിയായി സർക്കാർ പ്രഖ്യാപിച്ചു. മാർച്ചിൽ കേന്ദ്രമന്ത്രിസഭ ഇതിന് അംഗീകാരം നൽകുകയും ജൂണിൽ എം പാനൽമെൻറ് പ്രക്രിയ വഴി ആശുപത്രികൾക്കായി അപേക്ഷകൾ തുറക്കുകയും ചെയ്തു. 2018 സെപ്റ്റംബറിൽ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പദ്ധതി ആരംഭിക്കുകയും, പിന്നീട് പ്രോഗ്രാം നിയന്ത്രിക്കുന്നതിനുള്ള ഒരു സംഘടനയായി ദേശീയ ആരോഗ്യ അതോറിറ്റി നാഷണൽ ഹെൽത്ത് അതോറിറ്റി സ്ഥാപിക്കുകയും ചെയ്തു.

ഈ കേന്ദ്ര പദ്ധതി കേരളത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ കീഴിലാണ് നടക്കുന്നത്.
രാജ്യത്തെ 10 കോടി കുടുംബങ്ങൾക്ക് അഥവാ 50 കോടി ജനങ്ങൾക്ക് ആരോഗ്യപരിരക്ഷ നൽകുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത് എം പാനൽ ചെയ്ത ആശുപത്രികളിൽ ചികിത്സയ്‌ക്കായി പ്രതിവർഷം ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കവറേജ് നൽകുന്നു. കുടുംബത്തിന്റെ വലിപ്പം അംഗങ്ങളുടെ പ്രായം ലിംഗം എന്നിവ പരിഗണിക്കാതെ എല്ലാ വ്യക്തികൾക്കും ചികിത്സാനുകൂല്യം നൽകുന്നു. സർക്കാർ – സ്വകാര്യ ആശുപത്രികളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. പരിപൂർണ്ണമായി ക്യാഷ് ലെസ്സ് ചികിത്സയാണ് ഈ പദ്ധതിയിലൂടെ നൽകുന്നത്. പരിശോധനയ്‌ക്കോ ചികിത്സയ്‌ക്കോ വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് മുൻപുള്ള മൂന്നു ദിവസത്തെ ചിലവും കൂടാതെ ആശുപത്രി വാസത്തിനു ശേഷമുള്ള 15 ദിവസത്തെ ചിലവും ഈ പദ്ധതിയിലൂടെ നിർവഹിക്കപ്പെടുന്നുണ്ട്. ലാബ്, മരുന്നുകൾ, ഡോക്ടർ ഫീസ്, മുറിവാടക, ഓപ്പറേഷൻ തിയേറ്റർ ചാർജുകൾ, ഐസിയു ചാർജ്, ഇമ്പ്ലാന്റ് ചാർജുകൾ, എന്നിവ ഈ പദ്ധതിയിലൂടെ ലഭ്യമാണ്.
പോർട്ടബിൾ മോഡിലും ഈ പദ്ധതി ഉപയോഗിക്കാം. ഒരു ഗുണഭോക്താവിന് അവരവരുടെ സംസ്ഥാനത്തിന് പുറത്തുള്ള പി എം ജെ എ വൈ എം പാനൽ ചെയ്ത ഹോസ്പിറ്റലിൽ നിന്ന് രാജ്യത്ത് എവിടെയും വൈദ്യ ചികിത്സ ക്യാഷ് ലെസ്സ് സൗകര്യത്തോടെ ലഭിക്കും.അഞ്ചു കോടിയിലധികം ഉപഭോക്താക്കൾ ഇന്ന് ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉണ്ട്. ആരോഗ്യരംഗത്തെ അസമത്വം തീർക്കുവാനും പാവപ്പെട്ട ജനങ്ങൾക്ക് ആശുപത്രി ചെലവ് മൂലം ഉണ്ടാകുന്ന ദാരിദ്ര്യം ഒഴിവാക്കാനും ഇതുമൂലം കഴിഞ്ഞു..

വിവരങ്ങൾക്ക് കടപ്പാട് നാഷണൽ ഹെൽത്ത് അതോറിറ്റി (എൻഎച്ച് എ)
ഡോക്ടർ അക്ഷയ് എം വിജയ്
(ആയുർവേദ ഡോക്ടറും യോഗ അധ്യാപകനും ഹെൽത്ത് ഇൻഷുറൻസ് വിദഗ്ധനുമായ ലേഖകൻ ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിൽ രണ്ടു വർഷത്തോളം സേവനം അർപ്പിച്ചിട്ടുണ്ട്.)















