തൃശൂർ: പാറളം പഞ്ചായത്തിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യത്താൽ പൊറുതി മുട്ടി നിവാസികൾ. പഞ്ചായത്തിലെ ഒന്ന്, രണ്ട്, 15 വാർഡുകളിലാണ് ആഫ്രിക്കൻ ഒച്ചുകൾ പെരുകി ശല്യം കൂടുന്നത്. മഴ പെയ്ത് തുടങ്ങിയതോടെ ഒച്ചിന്റെ ശല്യം ഇരട്ടിച്ചുവെന്ന് പ്രദേശവാസികൾ പറയുന്നു. മുറ്റത്തും പരിസര പ്രദേശങ്ങളിലും ശുചിമുറിയിലുമുൾപ്പെടെ ഇവ പറ്റിപ്പിടിച്ച് ഇരിക്കുക പതിവാണെന്നാണ് ഇവിടുത്തുകാരുടെ പരാതി.
പ്രദേശത്ത് കൂട്ടത്തോടെ ഒച്ചുകളെ കാണുന്നതിന് പുറമെ ഇവ കൃഷികൾക്കുൾപ്പെടെ ഭീഷണിയാണ്. വീട്ടുവളപ്പിലെ വാഴ, കപ്പളങ്ങ, മുരിങ്ങ, ചേമ്പ് എന്നിങ്ങനെയുള്ള വിളകൾ കൂട്ടമായി നശിപ്പിക്കും. എന്നാൽ മഴ മാറി വെയിലെത്തിയാൽ പിന്നെ ഇവയെ പുറത്ത് കാണില്ല. വൈകിട്ട് ചൂട് കുറയുന്നതോടെ ഇവ വീണ്ടും പ്രദേശങ്ങളിലേക്കിറങ്ങും. വേനൽക്കാലമായാൽ പിന്നെ ഇവയുടെ ശല്യമുണ്ടാകില്ല. വീടിനുള്ളിൽ വരെ ശല്യമായിരിക്കുകയാണ് ഇവയെന്ന് പ്രദേശവാസികൾ പറയുന്നു.
പ്രശ്‌നം രൂക്ഷമായതിനെ തുടർന്ന് കുറച്ച് കാലങ്ങൾക്ക് മുമ്പ് കാർഷിക സർവകലാശാല ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. അന്ന് ഒച്ചുകളെ തുരത്തുന്നതിന് ആവശ്യമായ മരുന്നുകൾ ഏതെന്ന് പറഞ്ഞിരുന്നു. കിലോഗ്രാമിന് 1,000 രൂപ വില വരും ഇതിന്. എന്നാൽ മരുന്നിന് പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും ലക്ഷങ്ങൾ ചിലവായതല്ലാതെ ഫലം കണ്ടില്ല.















