കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ഉപയോഗിച്ച വാഹനത്തിന്റെ വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തി. കുളത്തൂപ്പുഴയ്‌ക്കും ആര്യങ്കാവിനും ഇടയിലുള്ള സ്ഥലത്തുനിന്നാണ് അന്വേഷണസംഘം നമ്പർ പ്ലേറ്റ് കണ്ടെത്തിയത്. നമ്പർ പ്ലേറ്റുകൾ ഒടിച്ച് നശിപ്പിച്ച നിലയിലായിരുന്നു. പ്രതികളെ പിടികൂടിയ തമിഴ്‌നാട്ടിലെ കടയിലെത്തിച്ചും ഇന്ന് തെളിവെടുപ്പ് നടത്തി.
കേസിൽ പ്രതികളുടെ വീട്ടിലെ തെളിവെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു. ഒന്നാം പ്രതി പദ്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്. നാലര മണിക്കൂറോളമെടുത്താണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനായി ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് തെളിവെടുപ്പിലേക്ക് കടന്നത്.















