ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ, 17-ാം നൂറ്റാണ്ടിൽ ജർമ്മൻ ശാസ്ത്രജ്ഞനായ ജോഹന്നാസ് കെപ്ലർ രചിച്ച നോവലായ ‘സോമ്നിയം’ കേരളത്തിന്റെ തനത് ലാസ്യനൃത്തരൂപമായ മോഹിനിയാട്ടത്തിലേക്ക് രൂപാന്തരപ്പെടുന്നു. ഇന്ത്യയുടെ ചാന്ദ്ര ദൗത്യവും വേദിയിലെത്തും. ഡിസംബർ 25-ന് പാലക്കാട് നടക്കുന്ന ദേശീയ നൃത്ത-സംഗീതോത്സവമായ ‘സമൻവയം 2023’-ലാണ് കലയും ശാസ്ത്രവും ഒന്നിക്കുന്നത്.
‘നിലാ കനവ്’ എന്ന വിഭാഗത്തിലാകും ഇത് പ്രദർശിപ്പിക്കുക. ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ ദൗത്യത്തെ വിജയിപ്പിച്ച, അതിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്കുള്ള ആദരമാണ് ‘നിലാ കനവ്’ എന്ന് ചലച്ചിത്ര നിർമ്മാതാവ് വിനോദ് മങ്കര പറഞ്ഞു. കല, സയൻസ് ഫിക്ഷൻ, പൈതൃകം തുങ്ങിയവയിൽ അധിഷ്ഠിതമായ കലകളാണ് സംഗീതോത്സവത്തിൽ അവതരിപ്പിക്കുന്നത്. ഇതാദ്യമായാണ് ശാസ്ത്രം പരിപാടിയുടെ ഭാഗമാക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
കലയും ശാസ്ത്രവും ഒന്നിക്കുന്ന മോഹിനായാട്ട ആശയത്തിന് പിന്നാലെ കലകാരൻ മങ്കരയാണെങ്കിൽ അതിനെ സദസിലെത്തിക്കുന്നത് പ്രശസ്ത നർത്തകി ഗായത്രി മധുസൂദനനാണ്. തീർത്തും ഫിക്ഷൻ ആയൊരു നോവൽ എങ്ങനെ നൃത്തവുമായി ലയിക്കുമെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ഏവരും.
ജ്യോതിശാസ്ത്രം, പുരാണങ്ങൾ, സയൻസ് ഫിക്ഷന്റെ കൗതുകകരമായ മേഖലകൾ എന്നിവയെ ഒന്നിപ്പിക്കുന്ന, കലയ്‌ക്കും ശാസ്ത്രത്തിനുമിടയിലുള്ള വിടവ് നികത്തുന്ന അവിസ്മരണീയ അനുഭവമാകും പരിപാടിയെന്ന് സംഘാടകർ പറയുന്നു. ചാന്ദ്ര പര്യവേക്ഷണത്തെ കൃത്യതയോടെ അവതരിപ്പിക്കുന്നത് വഴി പ്രേക്ഷർക്ക് നവ്യാനുഭവം നൽകും. ചന്ദ്രന്റെ വിദൂരതയിലേക്ക് സഞ്ചരിക്കുന്നതിനൊപ്പം ശാസ്ത്രീയ തലങ്ങളിലും പ്രേക്ഷകർക്ക് വ്യക്തത കൈവരിക്കാനാകും.
ആധുനിക റോക്കറ്റ് സാങ്കേതിക വിദ്യ ഇന്നും കെപ്ലറിന്റെ നിയമങ്ങളിലൂടെയാണ് വികസിക്കുന്നത്. നൃത്തം, സംഗീതം, കവിത, ശാസ്ത്രം എന്നിവയെ സയന്വയിപ്പിക്കുന്നച് വഴി ശാസ്ത്ര അവബോധം വളർത്താനും മനുഷ്യന്റെ പര്യവേഷണ മനോഭാവത്തെ വളർത്താനും സഹായിക്കുമെന്ന് വിനോദ് മങ്കര പറഞ്ഞു.















