പത്തനംതിട്ട: ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും കെടുകാര്യസ്ഥതയ്‌ക്കെതിരെ പ്രതിഷേധവുമായി അയ്യപ്പ സേവാ സമാജം. ശബരിമലയിൽ നടക്കുന്ന കൊള്ളയ്‌ക്കെതിരെ എല്ലാ സംഘടനകളിലെയും മുഴുവൻ സംസ്ഥാന ചുമതലയുള്ളവരെ ഒന്നിച്ചുകൂട്ടിയുള്ള മഹാ പ്രതിഷേധത്തിനാണ് പദ്ധതിയിടുന്നതെന്ന് അയ്യപ്പസേവാ സമാജം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
സർക്കാരോ ദേവസ്വം ബോർഡോ ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒന്നു തന്നെ ചെയ്യുന്നില്ലെന്നും സേവന പ്രവർത്തനത്തിനായി മുന്നിട്ടിറങ്ങുന്ന സംഘടനകളെ മാറ്റി നിർത്താൻ ശ്രമിക്കുന്നതായി അയ്യപ്പസേവാ സമാജം ആരോപിക്കുന്നു. സർക്കാരും ദേവസ്വം ബോർഡുമാണ് അയ്യപ്പഭക്തരുടെ ദുരിതത്തിന്റെ കാരണക്കാരെന്നും സമാജത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
മുൻപൊരിക്കലും ശബരിമലയിൽ നിന്ന് കേൾക്കാത്ത വാർത്തകളാണ്, കാണാത്ത കാഴ്ചകളാണ് ഇന്ന് കേട്ടു കൊണ്ടിരിക്കുന്നത്. ദേവസ്വം ബോർഡിന്റെയും ദേവസ്വം വകുപ്പിന്റെയും കെടുകാര്യസ്ഥതയും പണമുണ്ടാക്കാനുള്ള അത്യർത്തിയും കുഞ്ഞു മാളികപ്പുറത്തിന്റെ ജീവനാണെടുത്തത്. ശബരിമല യാത്ര അതീവ ദുരിതമായി മാറുകയാണ്. കെട്ടു നിറച്ചുവരുന്ന അയ്യപ്പ ഭക്തർ പലരും മുന്നോട്ട് പോകാനുള്ള പ്രതിസന്ധി കൊണ്ട് ദർശനം സാധ്യമാകാതെ വേദനയോടെ ക്യൂവിൽ നിന്നും മാറി മലയിറങ്ങുകയാണ്. അശാസ്ത്രീയമായ രീതിയിലുള്ള വെർച്വൽ ക്യൂവാണ് സന്നിധാനത്തെ അഭൂതപൂർവ്വമായ തിരക്കിന് കാരണം.
നിലവിൽ താളം തെറ്റിയ നിലയിലാണ് വെർച്വൽ ക്യൂ സംവിധാനം. വെർച്വൽ ക്യൂ വഴി ദർശനത്തിന് സമയം അനുവദിച്ച് കിട്ടിയെത്തുന്ന അയ്യപ്പഭക്തരെ വഴിയിൽ തടഞ്ഞ് നിർത്തി അന്നേ ദിവസം സന്നിധാനത്തേക്ക് പ്രവേശിക്കാൻ കഴിയാതെ വരുന്നു. മുൻകാലങ്ങളിൽ അയ്യപ്പഭക്തർ ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നില്ലെന്ന് ഭക്തർ തന്നെ പറയുന്നു. മുൻപരിചയമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അഭാവം പമ്പ മുതലുള്ള ക്രമീകരണങ്ങളിൽ വ്യക്തമാണ്.
കോടിക്കണക്കിന് വരുമാനം കിട്ടുന്ന ക്ഷേത്രമായ ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തർക്ക് ക്യൂവിൽ നിൽക്കുമ്പോൾ കുടിക്കാൻ വെള്ളമില്ല, ഭക്ഷണമില്ല. വിരി വയ്‌ക്കാൻ സ്ഥലവുമില്ല.ഭക്തരെ ആകെ ശ്വാസം മുട്ടിക്കുന്ന അവസ്ഥയാണ് ശബരിമലയിലുള്ളതെന്നും അയ്യപ്പസമാജം വ്യക്തമാക്കുന്നു. പ്രഭാത കൃത്യം പോലും നിർവഹിക്കാൻ സാധിക്കാതെ അയ്യപ്പ ഭക്തർ, അമ്മമാർ, കുഞ്ഞുങ്ങൾ ഉൾപ്പെടെ സമീപ പറമ്പുകളിലൂടെ ഓടി നടക്കുന്ന കാഴ്ച ദയനീയമാണ്.
ശബരിമല പാതയിൽ അയ്യപ്പ ഭക്തന്മാരുടെ വാഹനങ്ങൾ കിലോമീറ്ററുകളോളം തടഞ്ഞിട്ടിരിക്കുകയാണ്. നിലക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ നിറഞ്ഞതുകൊണ്ട് പാർക്കിംഗിന് സ്ഥലമില്ല എന്ന കാരണം പറഞ്ഞാണ് വഴിയിൽ വാഹനങ്ങൾ പിടിച്ചിട്ടിരിക്കുന്നത്. പമ്പയിലെ പാർക്കിംഗ് ഗ്രൗണ്ടിന് വേണ്ടി ഉപയോഗിച്ചിരുന്ന പഴയ സ്ഥലങ്ങളിൽ വേണ്ടവിധം തയ്യാറെടുപ്പ് നടത്തി ചെറുവാഹനങ്ങളെങ്കിലും പാർക്ക് ചെയ്യാൻ സ്ഥലമൊരുക്കിയിരുന്നെങ്കിൽ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയുമായിരുന്നുവെന്നും അയ്യപ്പ സേവാ സമാജം ആരോപിക്കുന്നു. മണ്ഡലമകരവിളക്ക് തീർത്ഥാടനം തുടങ്ങുന്നതിന് മുൻപ് ചെയ്ത് തീർക്കേണ്ട റോഡ് റിപ്പയറും പാതക്ക് ഇരുവശവുമുള്ള കാട് വെട്ടലടക്കം സീസൺ ആരംഭിച്ചതിന് ശേഷം മാത്രമാണ് തുടങ്ങിയത്.















