തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ഷഹ്ന ആത്മഹത്യ കേസിൽ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സ്‌പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.
സ്ത്രീധത്തിന്റെ പേരിൽ റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഡോ. ഷഹ്നയുടെ മരണകാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വിവാഹം വരെ എത്തിയ ബന്ധം സ്ത്രീധനത്തിന്റെ പേരിൽ മുടങ്ങിയതും ഡോ. ഷഹ്നയെ തകർത്തിരുന്നു. ഇതിന് പിന്നാലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
റുവൈസും ബന്ധുക്കളും വിവാഹത്തിന് സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന് ഡോ. ഷഹ്നയുടെ ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. റുവൈഎസും സ്വർണത്തിനും പണത്തിനുമായി നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും ഷഹ്ന ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.















