കൊല്ലം: മാദ്ധ്യമപ്രവർത്തകരെ പരിഹസിച്ച് ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടികൊണ്ട് പോയ കേസിലെ പ്രതി അനിതകുമാരി. കേസിലെ തെളിവെടുപ്പ് പകർത്തുന്നതിനിടയിലായിരുന്നു അനിതാകുമാരി മാദ്ധ്യമങ്ങൾക്കെതിരെ തിരിഞ്ഞത്. തെളിവെടുപ്പിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയായിരുന്നു മാദ്ധ്യമപ്രവർത്തകൻ വീണതോടെ നടത്തം നിർത്തുകയും തിരിഞ്ഞുനിന്നു കയ്യടിക്കുകയുമാണ് അനിതാകുമാരി ചെയ്തത്. ചിറക്കരയിലെ ഫാമിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം.
നടത്തം നിർത്തിയതിന് ശേഷം ‘നന്നായി, ഇത്തിരി നടക്കാൻ സമ്മതിക്ക്’ എന്നായിരുന്നു അനിതകുമാരി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. ശക്തമായ പോലീസ് കാവലിൽ മുഖം മറച്ച നിലയിലാണ് തെളിവെടുപ്പിന് അനിതകുമാരി എത്തിയത്. പ്രതികളുടെ ഫാം ഹൗസിൽ നടത്തിയ തെളിവെടുപ്പിൽ കത്തിക്കരിഞ്ഞ നോട്ടുബുക്കും ഇൻസ്ട്രുമെന്റ് ബോക്സും കണ്ടെത്തി. ആറു വയസ്സുകാരിയുടെ ബുക്ക് ആണോയെന്ന് സംശയമുണ്ട്. മുതിർന്ന കുട്ടികൾക്കു സമാനമായ കയ്യക്ഷരമായിരുന്നു ബുക്കിലുള്ളത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുമ്പോൾ ഉപയോഗിക്കാൻ തയ്യാറാക്കിയ വ്യാജ നമ്പർ പ്ലേറ്റുകൾ പ്രതികൾ ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിച്ചിരുന്നു. ഇവയിൽ ചിലത് തെളിവെടുപ്പിനിടെ പോലീസ് കണ്ടെത്തിയിരുന്നു.
കേസിൽ പ്രതികളുടെ വീട്ടിലെ തെളിവെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു. ഒന്നാം പ്രതി പദ്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്. നാലര മണിക്കൂറോളമെടുത്താണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനായി ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് തെളിവെടുപ്പിലേക്ക് കടന്നത്.















