വാസ്തുവിദ്യയിൽ വിസ്മയം തീർക്കാനൊരുങ്ങുകയാണ് അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളം. നിർമ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന മര്യാദ പുരുഷോത്തം ശ്രീറാം ഇന്റർനാഷണൽ വിമാനത്താവളത്തിന്റെ ആദ്യ ചിത്രങ്ങളിലൂടെ ഇത് വ്യക്തമാണ്.
നഗരത്തിന്റെ സമ്പന്നമായ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും പ്രതിഫലനമാണ് നിർമാണത്തിലിരിക്കുന്ന വിമാനത്താവളത്തിന്റെ ആദ്യ കാഴ്ച.
രാമായണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തൂണുകളിൽ കൊത്തുപ്പണികളുണ്ട്. യാത്രക്കാരെ അത്ഭുതം കൊള്ളിക്കും വിധത്തിലുള്ള കലാസൃഷ്ടികളാണ് വിമാനത്താവളത്തിലൊരിക്കിയിരിക്കുന്നത്.
‘ശിക്കാർ’ എന്ന് പേരിൽ വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിൽ വലിയ സ്റ്റെപ്പുണ്ടാകും. വിമാനത്താവളത്തിന്റെ ഇരുനില കെട്ടിടത്തിന്റെ ഓരോ തൂണുകളിലും രാമായണത്തിലെ പ്രധാന ഏടുകളും കൊത്തിവെച്ചിട്ടുണ്ടാകും.
നാഗര ശൈലി അഥവാ ഉത്തരേന്ത്യൻ ക്ഷേത്ര ശൈലിയിലാണ് വിമാനത്താവളത്തിന്റെ നിർമ്മാണം. അതിർത്തി മതിലുകളോ മറ്റ് വഴികളോ നാഗര ശൈലിയിൽ ഉണ്ടാവില്ല. ഗോപുര മാതൃകയിലാകും നാഗര ക്ഷേത്രങ്ങൾ. കൊണാർക്ക് സൂര്യ ക്ഷേത്രം, ഗുജാറാത്തിലെ മൊധേര സൂര്യക്ഷേത്രം തുടങ്ങിയ പ്രശ്സ്തമായ ക്ഷേത്രങ്ങൾ നാഗര ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
250 കോടി രൂപ ചെവലിലാണ് വിമാനത്താവളം യാഥാർത്ഥ്യമാവുക. മണിക്കൂറിൽ 750-ലധികം യാത്രക്കാരെ ഉൾക്കൊള്ളാനും നാല് വിമാനങ്ങൾ സർവീസ് നടത്താനും ശേഷിയുണ്ട്. ഈ മാസം അവസാനത്തോടെ വിമാനത്താവളം സജ്ജമാകുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. പുത്തൻ ഇന്ത്യയുടെ പ്രതിരൂപമാകും അയോദ്ധ്യ വിമാനത്താവളമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സൂചിപ്പിച്ചു.