പത്തനംതിട്ട: ശബരിമല സർവീസിലൂടെ വരുമാനം കൂട്ടിയിട്ടും ശമ്പളം നൽകാതെ കെഎസ്ആർടിസി. നവംബറിൽ പമ്പാ സർവീസിൽ നിന്ന് മാത്രം ആറ് കോടി രൂപയാണ് അധികമായി ലഭിച്ചത്. 210 കോടി ടിക്കറ്റ് വരുമാനം ഉൾപ്പെടെ 308 കോടി രൂപയാണ് നവംബർ മാസത്തെ വരുമാനം. 75.25 കോടി രൂപയാണ് ശമ്പളത്തിന് വേണ്ടത്. ആദ്യ ഗഡു പോലും നൽകുന്നില്ല.
നിലയ്‌ക്കലിൽ എത്തുന്ന ശബരിമല തീർത്ഥാടകർ നേരിടുന്നത് വൻ ദുരിതമാണ്. പമ്പയിലേക്ക് ആവശ്യത്തിന് ബസ് സർവീസ് നടത്തുന്നില്ല. ലഭ്യമായ ബസിൽ കയറാനായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പലരും മണിക്കൂറുകളോളം ബസിലും മറ്റും നിന്ന് കുഴഞ്ഞുവീഴുന്നതും സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. തിരക്കിലേറെ വലയുന്നത് പ്രായമായവരും കുട്ടികളുമാണ്. പലരും കൂട്ടും തെറ്റി പോകുന്നതും സ്ഥിരമാണെന്ന് ഭക്തർ ആശങ്ക പ്രകടിപ്പിക്കുന്നു.
സന്നിധാനത്തെ തിരക്ക് കുറയ്‌ക്കാനായി പമ്പയിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പമ്പയിൽ നിന്ന് കടത്തിവിടുന്ന തീർത്ഥാടകരുടെ എണ്ണവും കുറച്ചിട്ടുണ്ട്. ഇതോടെ പമ്പയിൽ തീർത്ഥാടകർ നാല് മണിക്കൂറോളം കാത്തുനിൽക്കേണ്ട സാഹചര്യമാണുള്ളത്.















