മണിക്കൂറുകൾ കാത്തിരുന്നിട്ടും അയ്യനെ കാണാനായില്ല; ഇതരസംസ്ഥാന ഭക്തർ കണ്ണീരോടെ മാലയൂരി മടങ്ങുന്നു; സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ വ്യാപക വിമർശനം

Published by
Janam Web Desk

പത്തനംതിട്ട: കഠിന വ്രതത്തോടെ കിലോമീറ്ററുകൾ താണ്ടി മലകയറാൻ എത്തിയിട്ടും സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ മനംനൊന്ത് ഇതരസംസ്ഥാന ഭക്തർ മലചവിട്ടാനാകാതെ മടങ്ങി. മണിക്കൂറുകൾ കാത്തിരുന്നിട്ടും പമ്പയിൽ പോലും പോകാനാവാതെ വന്നതോടെയാണ് ഇവർ പന്തളത്തെ ക്ഷേത്രത്തിൽ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി മാലയൂരി മടങ്ങുന്നത്. ഇന്നലെ മാത്രം നൂറിലേറ ഭക്തർ ഇത്തരത്തിൽ മടങ്ങിയിരുന്നു.

തിരക്ക് നിയന്ത്രിക്കാനും സു​ഗമമായ ദർശനം ഭക്തർക്ക് സാധ്യമാകാനും സർക്കാരിന് ആകുന്നില്ലെന്ന് ഇവർ പറഞ്ഞു. തെലങ്കാനയിൽ നിന്നെത്തിയ ഭക്തർ സന്നിധാനത്ത് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന വീഡിയോയും ഇതിനിടെ പുറത്തുവന്നിരുന്നു.അതേസമയം ഇന്നും തിരക്കിന് ശമനമില്ല. കെഎസ്ആർടിസി ബസുകൾ പോലും മണിക്കൂറുകൾ പിടിച്ചിടുന്ന സാഹചര്യത്തിൽ പത്ത് മണിക്കൂറോളമാണ് പലർക്കും റോഡിൽ കാത്തിരിക്കേണ്ടി വരുന്നത്.

ഇങ്ങനെ വാഹനങ്ങൾപിടിച്ചിടുമ്പോൾ വഴിയിലാകുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തർക്ക് വെള്ളമോ ആഹാരമോ ലഭ്യമാകുന്നില്ല. ഒരു ലക്ഷത്തോളം തീർത്ഥാടകർ ഒരു ദിവസം ഒന്നിച്ചു വന്നതാണ് ശബരിമലയിൽ പെട്ടന്ന് പ്രതിസന്ധി ഉണ്ടാക്കിയതെന്നാണ് ദേവസ്വം മന്ത്രി കെ.രാധാകൃഷണന്റെ വാദം.

Share
Leave a Comment