തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ പ്രവർത്തകരെയാണ് ഗവർണർ ബ്ലഡി ഫൂൾ റാസ്കൽ എന്നെല്ലാം വിളിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. പ്രധാനമന്ത്രി അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അല്ലെങ്കിൽ കേരളത്തിൽ കലാപമുണ്ടാകുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. എസ്എഫ്ഐ ഗവർണർക്കതിരെ നടത്തിയ ആക്രമണത്തിൽ പ്രവർത്തകരെ പിന്തുണച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
‘കേരള ഗവർണർ ബ്ലഡി ഫൂൾ റാസ്കൽ എന്നെല്ലാം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ പ്രവർത്തകരെ വിളിച്ചത്. അത്, ഗവർണരുടെ സംസ്കാരമാണ്. ഇന്ത്യയിലെ ഒരു ഗവർണർമാരും ചെയ്യാത്ത കാര്യമാണ് കേരള ഗവർണർ ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി ഗവർണർ ഗുണ്ടാത്തലവൻ വെല്ലുവിളിക്കുന്നതുപോലെയാണ് സംസാരിച്ചത്. പ്രധാനമന്ത്രി അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗവർണർ കേരളത്തിൽ കലാപമുണ്ടാക്കും. അതിന് വേണ്ടിയുള്ള പരിശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്നുള്ള കാര്യം കൂടി സൂചിപ്പിക്കുന്നു.’- മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ശിവൻകുട്ടിയ്‌ക്ക് പുറമേ മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവരും പ്രതികരിച്ചിരുന്നു. പ്രതിഷേധിച്ച എസ്എഫ്ഐയ്‌ക്ക് ഷെയ്ക് ഹാൻഡ് നൽകുകയാണ് വേണ്ടതെന്നണ് മുഹമ്മദ് റിയാസ് പറഞ്ഞത്. ഗവർണർ കാറിന് പുറത്ത് ഇറങ്ങിയത് എന്തിനാണെന്നാണ് മന്ത്രി പി. രാജീവ് ആരാഞ്ഞത്. എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയപ്പോൾ ഗവർണർ വാഹനത്തിന് പുറത്തിറങ്ങിയതിനെയാണ് മന്ത്രി പി.രാജീവ് വിമർശിച്ചത്.