തിരുവനന്തപുരം: ഡോ.ഷഹ്ന ആത്മഹത്യാ കേസിൽ പ്രതി ഡോ.റുവൈസിനെ അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ ലഭിച്ചു. നാല് ദിവസത്തേക്കാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ നൽകാൻ കോടതി അനുവദിച്ചിരിക്കുന്നത്. ഇന്നലെ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അതീവ ഗുരുതര കുറ്റമാണ് റുവൈസ് ചെയ്തതെന്ന് നിരീക്ഷിച്ച കോടതി പ്രതിക്ക് ജാമ്യം നൽകിയാൽ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നത് കണക്കിലെടുത്താണ് അപേക്ഷ തള്ളിയത്.
”അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോ.ഞാൻ വഞ്ചിക്കപ്പെട്ടു.” എന്ന് ആത്മഹത്യാ കുറിപ്പിൽ ഡോ.ഷഹ്ന കുറിച്ചിരുന്നു. ഇതേതുടർന്ന് ബന്ധുക്കളുടെ മൊഴിയും സാഹചര്യ തെളിവുകളും കണക്കിലെടുത്താണ് റുവൈസിനെ കേസിൽ പ്രതി ചേർത്ത് കസ്റ്റഡിയിൽ എടുത്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും.
എന്നാൽ ഡോ.ഷഹ്നയുടെ ആത്മഹത്യയ്‌ക്ക് പിന്നിൽ റുവൈസില്ലെന്നായിരുന്നു ആദ്യ ഘട്ടത്തിൽ പോലീസിന്റെ വാദം. ഇയാൾ സ്ത്രീധനം ആവശ്യപ്പെട്ടെന്ന ബന്ധുക്കളുടെ മൊഴിയുൾപ്പെടെ അന്വേഷണ സംഘം മറച്ചുവച്ചിരുന്നു. ഷഹനയുടെ മരണം വലിയ ചർച്ച ആയതിന് ശേഷമാണ് പോലീസ് ഇയാൾക്കെതിരെ കേസെടുക്കാൻ തയാറായതെന്ന വിമർശനവും ഉയരുന്നുണ്ട്.















